മുംബൈ: സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi) നടപ്പാക്കുന്ന 3.6 ബില്യൺ ഡോളറിന്റെ 4ജി, 5ജി വികസന പദ്ധതിയിൽ പങ്കാളിയാകാൻ നോക്കിയ. വോഡഫോൺ ഐഡിയ 3 വർഷം കൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ നോക്കിയയ്ക്ക് പുറമെ ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങും സ്വീഡിഷ് കമ്പനിയായ എറിക്സണും സഹകരിക്കും. ഇതിനായി ആകെ 55,000 കോടി രൂപയുടെ മൂലധന വികസന പദ്ധതികൾ വോഡഫോൺ ഐഡിയ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഓഹരി വിൽപനയിലൂടെ അടുത്തിടെ 24,000 കോടി രൂപ വോഡോഫോൺ ഐഡിയ സമാഹരിച്ചിരുന്നു. കമ്പനിയുടെ പ്രധാന എതിരാളികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും ഇതിനിടെ രാജ്യത്ത് 5ജി സേവനം ആരംഭിച്ചിരുന്നു. വോഡഫോൺ ഐഡിയ ഇപ്പോഴും 4ജിയിൽ തുടരുകയാണ്. ഇതുമൂലം കമ്പനിക്ക് വൻതോതിൽ വരിക്കാരെ നഷ്ടപ്പെട്ടിരുന്നു. നഷ്‌ടമായ വിപണി തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് അതിവേഗ വികസനപദ്ധതികളിലേക്ക് വോഡഫോൺ ഐഡിയ കടക്കുന്നത്.
നിലവിലെ 4ജി സാങ്കേതികവിദ്യ കൂടുതൽ വിപുലീകരിക്കുക, ഇപ്പോഴും 4ജി ലഭ്യമാകാത്ത പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കുക, 5ജി സേവനത്തിലേക്ക് അതിവേഗം കടക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നോക്കിയ, സാംസങ്, എറികസൺ എന്നിവയുമായി വോഡഫോൺ ഐഡിയയുടെ സഹകരണം. രാജ്യത്തെ ഓരോ ടെലികോം സർക്കിളുകളിലും പ്രത്യേക സേവനമായിരിക്കും കമ്പനികൾ വോഡഫോൺ ഐഡിയയ്ക്ക് നൽകുക.