ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവ് ഇന്ത്യയുടെ പണപ്പെരുപ്പ കാഴ്ചപ്പാടിനെ മാറ്റിമറിച്ചുവെന്ന് ബ്രോക്കറേജ് സ്ഥാപനം നോമുറ. അതുകൊണ്ടുതന്നെ റിപ്പോ നിരക്ക് കുറയ്ക്കുന്നതിനുള്ള കാലദൈര്‍ഘ്യത്തെ നൊമൂറ നാല് മാസത്തേക്ക് നീട്ടി. അവരുടെ അഭിപ്രായത്തില്‍ 2024 ന്റെ തുടക്കത്തില്‍ മാത്രമേ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയ്യാറാകൂ.
‘ഓഗസ്റ്റ് 10 ലെ പോളിസി മീറ്റിംഗില്‍ ആര്‍ബിഐ പണപ്പെരുപ്പ പ്രവചനം ഉയര്‍ത്തും’,നൊമുറ സാമ്പത്തിക വിദഗ്ധരായ സോണാല്‍ വര്‍മ്മയും ഔറോദീപ് നന്ദിയും പറഞ്ഞു. മാറുന്ന പണപ്പെരുപ്പ ചലനാത്മകത അതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
മാത്രമല്ല, പണപ്പെരുപ്പത്തിലെ വര്‍ദ്ധനവ്, ആഭ്യന്തര ആവശ്യം പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ നിലനില്‍ക്കുന്നത്, യുഎസ് മാന്ദ്യം വൈകുന്നത് എന്നിവ കാരണം ആദ്യ നിരക്ക് കുറയ്ക്കല്‍ 2024 തുടക്കില്‍ മാത്രമേ ഉണ്ടാകൂ.
ആര്‍ബിഐ, ഒക്ടോബര്‍ തൊട്ട് നിരക്കില്‍ കുറവ് വരുത്തുമെന്ന് നേരത്തെ നൊമൂറ പ്രവചിച്ചിരുന്നു. 250 ബേസിസ് പോയിന്റുയര്‍ത്തി റിപ്പോ നിരക്ക് 6.5 ശതമാനമാക്കിയ പശ്ചാത്തലത്തിലായിരുന്നു അനുമാനം.