ന്യൂഡല്‍ഹി: ജൂലൈ-സെപ്റ്റംബര്‍ പാദ പണപ്പെരുപ്പം ശരാശരി 4.4 ശതമാനമാകുമെന്ന് ആഗോള ധനകാര്യ സേവന കമ്പനി നോമുറ.ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രവചനമായ 4.6 ശതമാനത്തേക്കാള്‍ കുറവാണ്. ഉത്പാദന ചെലവും ഇന്ധനവിലയും ഇടിയുന്നതാണ് സിപിഐ കുറയ്ക്കുക.
കൂടാതെ സര്‍ക്കാര്‍ ഇടപെടലില്‍ ഡിമാന്‍ഡും വിതരണവും സന്തുലിതമാകും. 2024 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ഏകദേശം 4.7 ശതമാനമായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. റിസര്‍വ് ബാങ്ക് പ്രവചിച്ച 5.1 ശതമാനത്തേക്കാള്‍ കുറവ്.
ജൂണിലെ കോര്‍ പണപ്പെരുപ്പം മെയ്മാസത്തിന് സമാനമായിരിക്കുകയോ കുറയുകയോ ചെയ്യും. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്ന പച്ചക്കറി ബാസ്‌കറ്റ് ജൂണില്‍ ഇതുവരെ 5.8 ശതമാനം വളര്‍ന്നിട്ടുണ്ട്. മെയ് മാസത്തില്‍ പച്ചക്കറി വിലവര്‍ധനവ് 4.3 ശതമാനമായിരുന്നു.
മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍, പാല്‍, പഞ്ചസാര എന്നിവയുടെ വിലയിലും വര്‍ദ്ധനവുണ്ടായി. ധാന്യങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ മണ്ണെണ്ണ വില കുറഞ്ഞു. പെട്രോളും എല്‍പിജിയും മാറ്റമില്ലാതെ തുടര്‍ന്നു.
കുറഞ്ഞ പണപ്പെരുപ്പവും ഉയര്‍ന്ന വ്യാവസായിക ഉത്പാദനവും ആര്‍ബിഐ നിരക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം 2024 മാര്‍ച്ചോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി താഴ്ത്തിയേക്കാം. 6.5 ശതമാനമാണ് നിലവിലെ നിരക്ക്.
എല്‍നിനോ അപകടസാധ്യത നിരീക്ഷിച്ച നൊമൂറ, ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം നിയന്ത്രണവിധേയമായി തുടരുമെന്നു പ്രത്യാശിച്ചു. മെയ് മാസ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം (സിപിഐ) 4.25 ശതമാനമായി കുറഞ്ഞിരുന്നു.
ഏപ്രിലില്‍ 4.7 ശതമാനമായിരുന്ന സ്ഥാനത്താണിത്.