ന്യൂഡൽഹി: ആഗോള സാമ്പത്തിക സേവന സ്ഥാപനമായ നോമുറ സിംഗപ്പൂർ തിങ്കളാഴ്ച ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ടെക്‌നോളജി സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന്റെ 12.5 ലക്ഷം ഓഹരികൾ 27 കോടി രൂപയ്ക്ക് ഏറ്റെടുത്തു. നോമുറ സിംഗപ്പൂർ ലിമിറ്റഡ് കമ്പനിയുടെ 12,50,000 ഓഹരികൾ ശരാശരി 214 രൂപയ്ക്ക് വാങ്ങിയതായും, ഇതിന് മൊത്തം 26.75 കോടി രൂപ ചിലവായതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ കാണിക്കുന്നു. ചൊവ്വാഴ്ച എൻഎസ്ഇയിൽ ബിഎൽഎസ് ഇന്റർനാഷണൽ സർവീസസിന്റെ ഓഹരികൾ 4.00 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 218 .50 രൂപയിലെത്തി.
ലോകമെമ്പാടുമുള്ള സർക്കാർ, നയതന്ത്ര ദൗത്യങ്ങൾക്കുള്ള ഒരു ഇന്ത്യൻ ഔട്ട്സോഴ്സിംഗ് സേവന ദാതാവാണ് ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ക്ലയന്റ് ഗവൺമെന്റുകളുടെ വിസ, പാസ്‌പോർട്ട്, കോൺസുലർ, അറ്റസ്റ്റേഷൻ, പൗര സേവനങ്ങൾ എന്നിവ കമ്പനി കൈകാര്യം ചെയ്യുന്നു.