മുംബൈ: ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) നടത്തുന്നതിനുള്ള നിലവിലെ ചട്ടക്കൂട് പരിഷ്‌ക്കരിച്ച് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിജ്ഞാപനമിറക്കി. ഇത് പ്രകാരം പ്രമോട്ടര്‍ ഇതര ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഒഎഫ്എസ് വഴി ഓഹരികള്‍ വിറ്റഴിക്കാം. നിലവില്‍ പ്രമോട്ടര്‍മാര്‍ക്കും പ്രമോട്ടര്‍ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കും മാത്രമേ ഇതിന് സാധിക്കുകയുള്ളൂ.
പ്രമോട്ടര്‍ അല്ലാത്ത ഓഹരിയുടമ വാഗ്ദാനം ചെയ്യുന്ന ഓഹരികള്‍ വ്യവസ്ഥകള്‍ പാലിച്ച് പ്രൊമോട്ടര്‍ അല്ലെങ്കില്‍ പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് ഒഎഫ്എസിലൂടെ വാങ്ങാവുന്നതാണ്. 1,000 കോടി രൂപയും അതിനുമുകളിലും വിപണി മൂലധനമുള്ള കമ്പനികള്‍ക്ക് ഈ സൗകര്യം ലഭ്യമാകും. ഒഎഫ്എസിന് മുന്‍പുള്ള ആറ് മാസക്കാലത്തെ പ്രതിദിന ശരാശരിയെടുത്താണ് വിപണി മൂല്യം കണക്കാക്കുന്നത്.
പുതുക്കിയ ചട്ടക്കൂട് പ്രകാരം, ഒഎഫ്എസിന്റെ കുറഞ്ഞ വലുപ്പം 25 കോടി രൂപ ആയിരിക്കണം. എന്നാല്‍ കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് മാനദണ്ഡം പാലിക്കുന്നതിന് പ്രമോട്ടര്‍മാര്‍ക്ക് ഓഫറിന്റെ വലുപ്പം 25 കോടി രൂപയില്‍ താഴെയാക്കാം. ഒഎഫ്എസില്‍ ഓഹരി വില്‍ക്കുന്നതിനായി ബ്രോക്കറേ ചുമതലപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
ഓഹരികള്‍ വാങ്ങുന്നവര്‍ക്കും ബ്രോക്കറെ നിയമിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ വില്‍പനക്കാരന്റെ ബ്രോക്കറര്‍ക്ക് വാങ്ങുന്നയാള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാം.ഡിസക്കൗണ്ട് നിരക്കില്‍ ഓഹരി വാഗ്ദാനം ചെയ്യാനും അനുവദിച്ചിരിക്കുന്നു. എന്നാല്‍ എത്ര ശതമാനം കിഴിവാണ് നല്‍കുന്നതെന്ന് എക്‌സ്‌ചേഞ്ചുകളെ അറിയിക്കണം.
ചെറുകിട നിക്ഷേപകര്‍ക്കാണ് ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരി ലഭ്യമാകുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഒഎഫ്എസില്‍പങ്കെടുക്കുന്നത് എളുപ്പമാക്കുന്നതിന്, പ്രൈസ് ബിഡ്ഡുകള്‍ സ്ഥാപിക്കാന്‍ സെബി നിര്‍ദ്ദേശിച്ചു. കട്ട് ഓഫ് പ്രൈസില്‍ ബിഡുകള്‍ സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ നിര്‍ബന്ധമാക്കി.
ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളുടെയും (REITs), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളുടെയും (InvITs) യൂണിറ്റ് ഹോള്‍ഡര്‍മാര്‍ക്കും എക്സ്ചേഞ്ചുകളിലൂടെ ഒഎഫ്എസ് നടത്താന്‍ അനുമതിയുണ്ട്. ആര്‍ഇഐടി-കള്‍ക്കും ഇന്‍വിറ്റു-കള്‍ക്കുമുള്ള ഒഎഫ്എസ് ചട്ടക്കൂട് ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്കുള്ളതിന് തുല്യമായിരിക്കും.
ഫെബ്രുവരി 8 മുതലാണ് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നത്.