
തിരുവനന്തപുരം: വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീൽ ഫർണിച്ചറുകളും നിർമിച്ചു നൽകിയ മരിനാക് കന്പനി കേരളത്തിൽ ഫാക്ടറി തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനുമായി നോർവെയിൽ നടത്തിയ ചർച്ചയിലാണ് മരിനാക് സിഇഒ ടെർജെ നെറാസ് കേരളത്തിൽ ഫാക്ടറി തുടങ്ങുന്ന കാര്യം വ്യക്തമാക്കിയത്. ഏഴു രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിക്ക് നിലവിൽ കൊച്ചിയിൽ ഓഫീസുണ്ട്.
ഇപ്പോൾ വിദേശത്ത് നിർമിച്ചു കൊച്ചിയിലേക്ക് കൊണ്ടുവന്നു സ്ഥാപിക്കുകയാണ്. ഏഷ്യൻ മേഖലയിലെ ആവശ്യത്തിനുള്ള ഉത്പാദനം കേരളത്തിൽ നടത്താൻ കഴിയുമോയെന്നാണു നോക്കുന്നത്. ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന നോർവീജിയൻ സംരംഭകരുടെ സംഗമത്തിൽ പങ്കെടുക്കുമെന്ന് ടെർജെ പറഞ്ഞു. കൊച്ചിയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മറൈൻ ക്ലസ്റ്ററുമായി സഹകരിക്കണമെന്ന അഭ്യർഥനയോട് അനൂകൂലമായാണ് സിഇഒ പ്രതികരിച്ചതെന്നു മന്ത്രി പി. രാജീവ് അറിയിച്ചു.
മറൈൻ മേഖലയിൽ കാർബണ്‍ ബഹിർഗമനം പൂജ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്ന കന്പനിയാണ്. കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രമുഖ ഇലക്ട്രിക് ബാറ്ററി നിർമിതാക്കളായ കോർവസ് എനർജി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റോബോട്ടിക് സംവിധാനത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക ബാറ്ററി നിർമാണ ഫാക്ടറി വ്യവസായ മന്ത്രി പി രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഊർജ സെക്രട്ടറി ജ്യോതിലാൽ എന്നിവർ സന്ദർശിച്ചു.