തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് പൊതുവിപണിയിൽനിന്ന് കടമെടുക്കാനുള്ള കേന്ദ്രത്തിന്റെ അനുമതി വൈകുന്നു. വായ്പയെടുക്കാൻ ആവാത്തതിനാൽ ക്ഷേമപെൻഷൻ വിതരണമുൾപ്പെടെ മുടങ്ങി. ക്ഷേമപെൻഷൻ ഇപ്പോൾ മൂന്നുമാസം കുടിശ്ശികയാണ്. ഇത് നൽകാൻ 2700 കോടി വേണം.
സാമൂഹികസുരക്ഷാ പെൻഷനും സർക്കാർ സഹായധനത്തോടെ പെൻഷൻ നൽകുന്ന ക്ഷേമനിധികളുടെയും പെൻഷനാണ് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മുടങ്ങിയത്. ഇതിൽ ഒരുമാസത്തെ പെൻഷൻ ജൂണിൽ വിതരണം ചെയ്യാനാവുമെന്നാണ് വിലയിരുത്തൽ.
ഇതുകൂടാതെ അംഗങ്ങളുടെ വിഹിതത്തിലൂടെ സമാഹരിക്കുന്ന തുകയടക്കം സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തുന്ന ചില ക്ഷേമനിധികളുടെയും പെൻഷൻ മുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷവും കടമെടുക്കാനുള്ള അനുമതി വൈകിയത് കേരളത്തിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു. അന്ന് കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത കടം ഗഡുക്കളായി വായ്പപ്പരിധിയിൽനിന്ന് കുറയ്ക്കാൻ തീരുമാനിച്ചാണ് അനുമതി നൽകിയത്.
അതിനു മുമ്പുവരെ, എല്ലാ വർഷവും ഏപ്രിൽ പകുതിക്കകം അനുമതി നൽകുന്നതായിരുന്നു രീതി.
ഈവർഷം പരമാവധി 32,440 കോടി രൂപയാണ് കേന്ദ്രം നിശ്ചയിച്ച വായ്പപ്പരിധി. ഇതിൽ ഭൂരിഭാഗവും റിസർവ് ബാങ്ക് പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിലൂടെയാണെടുക്കുന്നത്.
ഇതാണ് പൊതുവിപണി വായ്പ. അനുവദിച്ച പരിധിയിൽ എത്ര എടുക്കാമെന്ന് അന്തിമാനുമതിയിലാണ് വ്യക്തമാക്കുന്നത്.
ഇതുവരെ 2000 കോടിരൂപ എടുക്കാനുള്ള താത്കാലിക അനുമതിയാണുള്ളത്. ഇത് എടുക്കുകയുംചെയ്തു. പല പ്രധാന ചെലവുകളും വായ്പയിൽനിന്ന് നിർവഹിക്കേണ്ട വിധം സാമ്പത്തിക പ്രതിസന്ധിയുള്ള സമയത്ത് അനുമതി വൈകുന്നത് സർക്കാരിന് ആശങ്കയുണ്ടാക്കുന്നു. അനുമതി വേഗത്തിൽ ലഭ്യമാക്കാൻ ധനമന്ത്രാലയവുമായി ചർച്ചകൾ നടക്കുന്നുണ്ട്.
കിഫ്ബിക്കും ക്ഷേമപെൻഷൻ നൽകുന്നതിനുമായി എടുത്ത വായ്പ കണക്കാക്കി നാലുവർഷം 3750 കോടി രൂപവീതം സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽ കുറയ്ക്കാനാണ് കഴിഞ്ഞവർഷം കേന്ദ്രം തീരുമാനിച്ചത്. ഇതുസംബന്ധിച്ച തർക്കങ്ങളാണ് അന്ന് അനുമതി വൈകാൻ കാരണം.
ഇത്തവണ 3750 കോടിക്കുപുറമേ, ഈവർഷം കിഫ്ബിക്കായി എടുക്കേണ്ടിവരുന്ന 5000 കോടിയും കുറയുമെന്നാണ് കരുതുന്നത്. ഇവ കഴിച്ചുള്ള തുകയേ ഇത്തവണ എടുക്കാനാവൂ. എന്നാൽ ക്ഷേമപെൻഷൻ കമ്പനി എടുക്കുന്ന വായ്പ ഇനിമുതൽ ഇക്കൂട്ടത്തിൽ പെടാതിരിക്കാനുള്ള ഭേദഗതി സർക്കാർ വരുത്തിയിട്ടുണ്ട്.
തിരിച്ചടവിന് നികുതിയിനത്തിൽവരുന്ന മോട്ടോർ വാഹന സെസ് ഉപയോഗിക്കുന്നതുകൊണ്ടാണ് കിഫ്ബിയുടെ കടം വായ്പപ്പരിധിയിൽ വരുന്നത്. ക്ഷേമപെൻഷൻ കമ്പനിയുടെ തിരിച്ചടവിന് ഇത്തരത്തിൽ നികുതി ചുമത്തുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ അത് വായ്പയായി കണക്കാക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.