
കോഴിക്കോട്: കെഎസ്‌ആർടിസി ബസുകളില്‍ ടിക്കറ്റ് ചാർജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന രീതി ഒരുമാസത്തിനകം സംസ്ഥാനത്തെമ്പാടും നടപ്പാക്കും.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈരീതിക്ക് നല്ല സ്വീകാര്യത ലഭിച്ചതിനാലാണ് എല്ലാ ഡിപ്പോകളിലെയും സർവീസുകള്‍ക്ക് ബാധകമാക്കുന്നത്. കണ്ടക്ടറുടെ കൈവശമുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനില്‍ ക്യുആർ കോഡ് സ്കാൻചെയ്ത് ടിക്കറ്റെടുക്കാം. വിവിധ കാർഡുകള്‍ ഉപയോഗിച്ചും പേമെന്റ് നടത്താം.
കെഎസ്‌ആർടിസിയുടെ മെയിൻ അക്കൗണ്ടിലേക്ക് ഈ പണം നേരിട്ടെത്തുന്ന രീതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലടക്കം കോർപ്പറേഷനില്‍ മൊത്തം ഇങ്ങനെ പണമടയ്ക്കാവുന്ന രീതി മൂന്നുമാസത്തിനകം നടപ്പാകും.
കോഴിക്കോട് ജില്ലയില്‍ ടിക്കറ്റ് തുക ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന സംവിധാനം ഏപ്രില്‍ ആദ്യവാരത്തോടെ നിലവില്‍വരും. യു.പി.ഐ. അടക്കം എല്ലാതരം ഡിജിറ്റല്‍ പേമെന്റും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം.
വിവിധ ആപ്പുകള്‍ ഉപയോഗിച്ച് പണമടയ്ക്കാവുന്ന പുതിയതരം ചലോ ടിക്കറ്റ് മെഷീൻ കണ്ടക്ടർമാർക്ക് നല്‍കിവരുന്നുണ്ട്. സ്വിഫ്റ്റ് അടക്കം വിവിധ ജില്ലകളില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ദീർഘദൂരബസുകളിലാണ് ഈ പ്രോജക്‌ട് ആദ്യം ലോഞ്ചുചെയ്തത്. കെഎസ്‌ആർടിസി. ഐടി, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങള്‍ ചേർന്ന് ദ്രുതഗതിയില്‍ ഇത് ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്.
യാത്രക്കാർക്കുള്ള പ്രയോജനങ്ങള്‍ : ചില്ലറപ്രശ്നവും അതേച്ചൊല്ലിയുള്ള തർക്കങ്ങളും ഒഴിവാക്കാം. ടിക്കറ്റ് ചാർജിനുള്ള പണം കൈയില്‍ കരുതണമെന്നില്ല. ബാക്കി വാങ്ങാൻ മറന്നുപോകുമെന്ന പ്രശ്നമില്ല. യാത്രയ്ക്കിടെ ടിക്കറ്റ് നഷ്ടപ്പെട്ടാലും തുക ട്രാൻസ്ഫർചെയ്തു എന്നതിന് തെളിവുണ്ടാകും.
യാത്രക്കാർക്ക് സൗകര്യപ്രദം: ഡിജിറ്റല്‍ പേമെന്റ് യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദമാവും. നിലവിലുള്ള രീതിയില്‍ പണം നല്‍കി നേരിട്ട് ടിക്കറ്റെടുക്കുന്ന സംവിധാനം ഇനിയും തുടരും. ഏതുരീതി വേണമെന്നത് യാത്രക്കാർക്ക് തിരഞ്ഞെടുക്കാം.
ഒരുമാസത്തിനിടെ കെ.എസ്.ആർ.ടി.സി.യുടെ എല്ലാ ബസുകളിലും ഈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി വരുകയാണ്. – പി.എസ്. പ്രമോജ് ശങ്കർ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്‌ആർടിസി)