ദില്ലി: ട്വിറ്ററിൽ അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് വേണമെങ്കിൽ ഉപയോക്താക്കൾ ഇനി മുതൽ പണം നൽകേണ്ടി വരുമെന്ന ഇലോൺ മാസ്ക് ആവശ്യപ്പെട്ടതിനെ തുടർന്ന് യുപിഐ ഓട്ടോപേയ്‌ക്ക് നിർദ്ദേശം നൽകി എൻപിസിഐ.
ബ്ലൂ ടിക്കുകൾക്ക് ഇനി മുതൽ ഉപയോക്താക്കളിൽ നിന്നും 8 ഡോളർ അതായത് 662 രൂപ പ്രതിമാസം ഈടാക്കുമെന്നാണ് മസ്‌ക് പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെ യുപിഐ ഓട്ടോപേ സൗകര്യം ഒരുക്കി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
യുപിഐയുടെ ഓട്ടോപേ സംവിധാനത്തിന് ഇതിനകം ഏഴ് ദശലക്ഷം വരിക്കാരുണ്ടെന്ന് കുറിച്ചുകൊണ്ട് മസ്‌കിന്റെ ട്വീറ്റിനോട് എൻപിസിഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ദിലീപ് അസ്‌ബെ പ്രതികരിച്ചു.
ബ്ലൂ ടിക്കുകൾക്ക്’ ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാനുള്ള ട്വിറ്ററിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകവേയാണ് പ്രതിമാസ പേയ്‌മെന്റുകൾക്കായി എൻപിസിഐ യുപിഐ ഓട്ടോപേ സൗകര്യം വാഗ്ദാനം ചെയ്തത്.
ട്വിറ്റർ അതിന്റെ അക്കൗണ്ട് ഉടമയുടെ ആധികാര്യത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നൽകുന്നതാണ് നീല നിറത്തിലുള്ള ശരിയുടെ അടയാളം. പ്രമുഖരായ വ്യക്തികൾക്കാണ് പൊതുവെ ഇത്തരത്തിൽ ബ്ലൂ ടിക്ക് നൽകാറുള്ളത്. ഈ ബ്ലൂ ടിക്കിന് ഇനി മുതൽ പ്രതിമാസം ട്വിറ്റർ പണം ഈടാക്കും എന്നുള്ളത് അടുത്തിടെ ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.
ട്വിറ്റെർ ഏറ്റെടുത്ത ആദ്യ ആഴ്ചയിൽ തന്നെ മസ്‌ക് ഇക്കാര്യം അവതരിപ്പിച്ചിരുന്നു. സബ്‌സ്‌ക്രിപ്‌ഷനിലൂടെ കൂടുതൽ വരുമാനം നേടാനാണ് മസ്കിന്റെ ലക്ഷ്യം.
ട്വിറ്റെർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പടെയുള്ള ചില ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തിന്റെ പകുതിയും സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഉണ്ടാക്കാൻ ആണ് മസ്കിന്റെ പുതിയ പദ്ധതി.