മുംബൈ: തേര്‍ഡ് പാര്‍ട്ടി ആപ്പ് ദാതാക്കളുടെ (ടിആര്‍എപി) ഡിജിറ്റല്‍ പണമിടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചര്‍ച്ച തുടരുന്നു. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദിഷ്ട സമയപരിധി ഡിസംബര്‍ 31 വരെയാണ്. അളവ് പരിധി ബാധകമല്ലാത്തതിനാല്‍ രണ്ട് കമ്പനികള്‍ – ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവ- നിലവില്‍ ഏകദേശം 80 ശതമാനം വിപണി വിഹിതം കൈയ്യാളുകയാണ്.
കോണ്‍സെന്‍ട്രേഷന്‍ റിസ്‌ക് ഒഴിവാക്കുന്നതിനായി മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാക്കള്‍ക്ക് (ടിപിഎപി) 30 ശതമാനം അളവ് പരിധി എന്‍പിസിഐ നിര്‍ദ്ദേശിക്കുകയായിരുന്നു. എല്ലാ സാധ്യതകളും വിലയിരുത്തുന്നുണ്ടെന്നും ഡിസംബര്‍ 31 ലെ സമയപരിധി നീട്ടാന്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിക്കുന്നു. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ലഭ്യമായ നിവേദനങ്ങള്‍ എന്‍പിസിഐ പരിശോധിച്ചുവരികയാണ്.
ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മൂന്നാം കക്ഷി അപ്ലിക്കേഷന്‍ ദാതാവ് (ടിപിഎപി) യുപിഐയില്‍ കൈകാര്യം ചെയ്യുന്ന ഇടപാടുകള്‍ക്കാണ് 30 ശതമാനം എന്ന പരിധി നിശ്ചയിക്കുന്നത്. മൂന്ന് മാസങ്ങളില്‍ പ്രോസസ്സ് ചെയ്ത ഇടപാടുകളുടെ അളവിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുക.