ഡൽഹി: ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ഒഎൻഡിസി) 9-10 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രാദേശിക വിപണിയിൽ വിദേശ ഇ-കൊമേഴ്‌സ് പ്രമുഖരെ നേരിടുന്നതിനായി സർക്കാർ രൂപികരിച്ച സംരംഭമാണ് ഒഎൻഡിസി.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ (യുപിഐ) ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖല നിയന്ത്രിക്കുന്ന എൻപിസിഐ ഒഎൻഡിസിയിൽ ഏകദേശം 10 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അംഗീകാരങ്ങൾ ഇതിനകം നിലവിലുണ്ടെന്നും അടുത്ത 10 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.
എൻപിസിഐക്ക് പുറമെ ഗവൺമെന്റിന്റെ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും (എൻഎസ്ഡിഎൽ) ബാങ്ക് ഓഫ് ഇന്ത്യയും ഒഎൻഡിസിയിൽ ഓഹരികൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യ തുടങ്ങിയ വലിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ആധിപത്യം പ്രാദേശിക വിപണിയിൽ നേർപ്പിക്കുക എന്നതാണ് ഒഎൻഡിസിയുടെ പ്രവർത്തന ലക്ഷ്യം.
കൂടാതെ നിലവിൽ എൻപിസിഐയുടെ ചീഫ് എക്സിക്യൂട്ടീവായ ദിലീപ് അസ്ബെ ഒഎൻഡിസി ഉപദേശക സമിതിയിലെ അംഗമാണ്.