ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) ‘സിംഗിള്‍-ബ്ലോക്ക്-മള്‍ട്ടിപ്പിള്‍ ഡെബിറ്റ്’ പ്രവര്‍ത്തനം അവതരിപ്പിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).
ഇതുവഴി തുക ബ്ലോക്ക് ചെയ്ത്, ആവശ്യം വരുമ്പോള്‍ ഡെബിറ്റ് ചെയ്യാം.റീട്ടെയില്‍ ഡയറക്ട് സ്‌കീം, ഇ-കൊമേഴ്സ് ഇടപാടുകള്‍, സെക്യൂരിറ്റികളിലെ നിക്ഷേപങ്ങള്‍ എന്നിവയുടെ പേയ്മന്റുകള്‍ ഇതോടെ എളുപ്പമാകും.
യുപിഐയുടെ സാധ്യതകള്‍ വിപുലമാവുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രതികരിച്ചു.
പണമടയ്ക്കുമെന്ന് ഉറപ്പുനല്‍കുന്നതിനാല്‍ ഇത് ഇടപാടുകളിലെ വിശ്വാസ്യത വര്‍ധിപ്പിക്കും. അതേസമയം ചരക്കുകളുടെയോ സേവനങ്ങളുടെയോ യഥാര്‍ത്ഥ ഡെലിവറി വരെ ഫണ്ടുകള്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ സൂക്ഷിക്കുകയും ചെയ്യാം, ഡെവലപ്മെന്റല്‍ ആന്‍ഡ് റെഗുലേറ്ററി നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന പറയുന്നു.