
മുംബൈ: 35,000 കോടി രൂപയുടെ നിക്ഷേപമിറക്കാൻ പദ്ധതിയുമായി എൻആർഎൽ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈൻ (ഐബിഎഫ്പിഎൽ) ഉൾപ്പെടെ നിലവിലുള്ള അഞ്ച് പ്രധാന പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ നിക്ഷേപിക്കാൻ നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് (എൻആർഎൽ) പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
നുമാലിഗഡ് റിഫൈനറി വിപുലീകരണം, പാരാദീപ് നുമാലിഗഡ് ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ, പാരദീപിലെ ക്രൂഡ് ഓയിൽ ഇറക്കുമതി ടെർമിനൽ, 2ജി എത്തനോൾ പദ്ധതി, ഐബിഎഫ്പിഎൽ എന്നിവ നടപ്പാക്കാൻ കമ്പനി തീരുമാനിച്ചതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രഞ്ജിത് റാത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് 35,000 കോടി രൂപയിലധികം നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്നും. പദ്ധതികൾ ദീർഘകാല ബിസിനസ്സ് വളർച്ച പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിൽ വിപുലീകരണ പദ്ധതിയുടെ അംഗീകൃത ചെലവ് 18,968 കോടി രൂപയും ക്രൂഡ് ഓയിൽ പൈപ്പ് ലൈനിന്റെയും ടെർമിനൽ പദ്ധതികളുടെയും അംഗീകൃത ചെലവ് 9,058 കോടി രൂപയുമാണെന്നും റാത്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി അതിന്റെ എക്കാലത്തെയും ഉയർന്ന വിറ്റുവരവ് നേടിയിരുന്നു. ഇത് മുൻവർഷത്തേക്കാൾ ഏകദേശം 26.95 ശതമാനം വർധിച്ച് 23,546 കോടി രൂപയായി ഉയർന്നിരുന്നു. സമാനമായി 2022 സാമ്പത്തിക വർഷത്തിൽ കമ്പനി 3,562 കോടി രൂപയുടെ റെക്കോർഡ് ലാഭം രേഖപ്പെടുത്തി.