നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി (എന്‍എസ്‌ഇ) ന്റെ ഐപിഒ അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. സെബിയുടെ അനുമതി ലഭിച്ചതിനു ശേഷം ഇനീഷ്യല്‍ പബ്ലിക് ഓഫറി (ഐപിഒ) ന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ് എന്‍എസ്‌ഇ.
എന്‍എസ്‌ഇയുടെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടലംഘനങ്ങളാണ് ഐപിഒ നടപടികളെ പ്രതികൂലമായി ബാധിച്ചത്. സെക്യൂരിറ്റീസ് കോണ്‍ട്രാക്‌ട് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ അന്വേഷണം എന്‍എസ്‌ഇ നേരിട്ടത്.
2016 ഡിസംബര്‍ 18നാണ് എന്‍എസ്‌ഇ പബ്ലിക് ഇഷ്യു നടത്താനായി സെബിക്ക് ഡ്രാഫ്‌റ്റ് പ്രൊസ്‌പെക്‌ടസ് സമര്‍പ്പിച്ചത്. നിലവിലുള്ള നിക്ഷേപകരുടെ 111.4 ദശലക്ഷം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി വില്‍ക്കാനായിരുന്നു എന്‍എസ്‌ഇയുടെ പദ്ധതി.
അതേ സമയം കോ-ലൊക്കേഷന്‍ സൗകര്യം എന്‍എസ്‌ഇ ദുരുപയോഗപ്പെടുത്തിയതു സംബന്ധിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഡ്രാഫ്‌റ്റ് പ്രൊസ്‌പെക്‌ടസ് പിന്‍വലിക്കാന്‍ സെബി ആവശ്യപ്പെടുകയായിരുന്നു.
ഒരു പതിറ്റാണ്ട് മുമ്പു തന്നെ പബ്ലിക് ഇഷ്യു നടത്തണമെന്ന ആവശ്യം എന്‍എസ്‌ഇയിലെ വിദേശ നിക്ഷേപകര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വിവിധ തരത്തിലുള്ള ആരോപണങ്ങളും വിവാദങ്ങളും മൂലം പബ്ലിക് ഇഷ്യു നീണ്ടുപോകുകയായിരുന്നു.
ട്രേഡിംഗ് സോഫ്‌റ്റ് വെയര്‍ ദുരുപയോഗം ചെയ്‌തുവെന്നതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷവും സെബിയില്‍ നിന്നും എന്‍എസ്‌ഇയ്‌ക്ക് നോട്ടീസ് ലഭിച്ചിരുന്നു.