മുംബൈ: കോലൊക്കേഷന്‍ ട്രേഡിംഗ് അഴിമതിയുമായി ബന്ധപ്പെട്ട് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) അടയ്‌ക്കേണ്ട 625 കോടി രൂപ, 100 കോടി രൂപയാക്കി വെട്ടിച്ചുരുക്കിയിരിക്കയാണ് സെക്യൂരിറ്റീസ് അപ് ലെറ്റ് ട്രിബ്യൂണല്‍ (എസ്എടി). എക്‌സ്‌ചേഞ്ചിന് അനധികൃത നേട്ടങ്ങളുണ്ടായിട്ടില്ലെന്ന് എസ്എടി കണ്ടെത്തി.എന്‍എസ്ഇ 625 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കി എന്ന് കണ്ടെത്തിയത് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യാണ്.
തുക തിരിച്ചുനല്‍കാന്‍ സെബി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ എന്‍എസ്ഇ എസ്എടിയെ സമീപിക്കുകയായിരുന്നു.
ഒരു ‘വിസില്‍ ബ്ലോവര്‍’ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് 2015ന്റെ തുടക്കത്തിലാണ് കേസില്‍ സെബി അന്വേഷണം ആരംഭിക്കുന്നത്. കോലൊക്കേഷന്‍ സൗകര്യം, നേരത്തെയുള്ള ലോഗിന്‍, ഒരു എക്സ്ചേഞ്ചിന്റെ ഡാറ്റാ ഫീഡിലേക്ക് സ്പ്ലിറ്റ്സെക്കന്‍ഡ് വേഗത്തിലുള്ള ആക്സസ് എന്നിവ അനുവദിക്കുന്ന ‘ഡാര്‍ക്ക് ഫൈബര്‍’ ലേയ്ക്ക് ചില ബ്രോക്കര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെന്നായിരുന്നു ‘വിസില്‍ ബ്ലോവര്‍’ പറഞ്ഞത്.
ചിത്ര രാമകൃഷ്ണ, മുന്‍ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (ജിഒഒ) ആനന്ദ് സുബ്രഹ്‌മണ്യന്‍, എന്‍എസ്ഇ, ഇവരെല്ലാവരുമായി ബന്ധമുള്ള 18 സ്ഥാപനങ്ങള്‍ എന്നിവര്‍ ബ്ലാക്ക് ഫൈബര്‍ കേസില്‍ ഗൂഢാലോചന നടത്തിയെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തിയിരുന്നു.