മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) ഇക്വിറ്റി ഡെറിവേറ്റീവുകളുടെ ട്രേഡിങ് സമയം ഘട്ടംഘട്ടമായി നീട്ടാനുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നു. ഇത് ആഭ്യന്തര വ്യാപാരികൾക്ക് ആഗോള വിപണികൾ പ്രവർത്തിക്കുമ്പോഴും വ്യാപാരം ചെയ്യാൻ അവസരം ഒരുക്കും.
ഇക്വിറ്റി ഡെറിവേറ്റീവുകളുടെ ഒരു സായാഹ്ന സെഷൻ വൈകുന്നേരം 6 നും 9 നും ഇടയിൽ എൻ എസ് ഇ ആരംഭിക്കാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ദിവസവും ഓഹരി വ്യാപാരം ചെയ്യുന്നവർക്ക് രാവിലെ 9.15 ന് ആരംഭിച്ച് 3.30 ന് അവസാനിക്കുന്ന റെഗുലർ സെഷനുശേഷം സായാഹ്ന സെഷനിൽ ട്രേഡിങ് ഫ്യൂച്ചറുകളും ഓപ്ഷനുകളും (എഫ് & ഒ) കരാറുകൾ തുടരാമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പിന്നീടുള്ള ഘട്ടത്തിൽ സായാഹ്ന സെഷൻ രാത്രി 11:30 വരെ നീട്ടാനുള്ള സാധ്യതയും എൻഎസ്ഇ പരിഗണിച്ചേക്കുമെന്നും വാർത്തകളുണ്ട്.
സായാഹ്ന സെഷനിൽ ഘട്ടം ഘട്ടമായി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ എൻ എസ് ഇ ആലോചിക്കുന്നുണ്ടെന്നും നിഫ്റ്റി 50, ബാങ്ക് നിഫ്റ്റി എന്നിവയുൾപ്പെടെയുള്ള ഇൻഡെക്‌സ് ഫ്യൂച്ചറുകളും ഓപ്ഷനുകളും ഉപയോഗിച്ച് പ്ലാനുകൾ ആരംഭിക്കുമെന്നും റിപ്പോർട്ടു സൂചിപ്പിക്കുന്നു.