മുംബൈ: എസ്‌എംഇ ഐപിഒകളുടെ പ്രത്യേക പ്രീ-ഓപ്പണ്‍ സെഷനില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ കൊണ്ടുവന്നു. നിലവില്‍ പല എസ്‌എംഇ ഐപിഒകളും ലിസ്റ്റിംഗില്‍ അസാധാരണ പ്രീമിയമാണ് കൈവരിക്കുന്നത്. 200ഉം 300ഉം ശതമാനം നേട്ടത്തോടെയാണ് ചില എസ്‌എംഇ ഐപിഒകള്‍ ഈയിടെ ലിസ്റ്റ് ചെയ്‌തത്.
പുതിയ നിബന്ധന അനുസരിച്ച് ലിസ്റ്റിംഗ് ദിനത്തില്‍ വ്യാപാരം ആരംഭിക്കുന്നത് തൊട്ടുമുമ്പുള്ള പ്രത്യേക സെഷനില്‍ ഓഹരിയുടെ വില ഇഷ്യു വിലയുടെ 90 ശതമാനം മാത്രമേ പരമാവധി അധികമായി വരാവൂ. എന്‍എസ്‌ഇ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വന്നു.
അതിനാല്‍ നാളെ മുതല്‍ ലിസ്റ്റ് ചെയ്യുന്ന എല്ലാ എസ്‌എംഇ ഐപിഒകള്‍ക്കും ഇത് ബാധകമാകും. അതേ സമയം മെയിന്‍ ബോര്‍ഡ് ഐപിഒകള്‍ക്ക് ഈ നിബന്ധന ബാധകമല്ല.
ലിസ്റ്റ് ചെയ്യുന്ന ദിവസം തന്നെ എസ്‌എംഇ ഐപിഒകള്‍ പല മടങ്ങ് നേട്ടം നല്‍കുന്ന മള്‍ട്ടിബാഗറുകളായി മാറുന്നതെങ്ങനെയന്ന ചോദ്യം നിലനില്‍ക്കെയാണ് എന്‍എസ്‌ഇയുടെ ഇടപെടല്‍. സമീപകാലത്തായാണ് എസ്‌എംഇ ഐപിഒകളിലേക്ക് നിക്ഷേപകരുടെ പ്രവാഹമുണ്ടായത്.
തിങ്കളാഴ്‌ച ലിസ്റ്റ് ചെയ്‌ത ശിവാലിക് പവര്‍ 211 ശതമാനം പ്രീമിയത്തോടെയാണ് വ്യാപാരം തുടങ്ങിയത്. 2024ല്‍ ആദ്യത്തെ ആറ് മാസം വിപണിയിലെത്തിയ 110 എസ്‌എംഇ ഐപിഒകളില്‍ 43ഉം 100 ശതമാനത്തിലേറെ നേട്ടം നല്‍കി. 1500 ശതമാനം വരെ നേട്ടം നല്‍കിയ എസ്‌എംഇ ഐപിഒയുണ്ട്.
ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ വന്‍നേട്ടം നല്‍കുന്ന പ്രവണത കണ്ട് ചില്ലറ നിക്ഷേപകര്‍ ഇത്തരം ഐപിഒകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് ഗണ്യമായി വര്‍ധിച്ചു.