
മുംബൈ: ഒഡീഷയിലെ താൽച്ചർ താപവൈദ്യുത നിലയത്തിന്റെ 1,320 (2×660) മെഗാവാട്ട് ഘട്ടം-III വിപുലീകരണത്തിനായി 11,843.7 കോടി രൂപയുടെ നിക്ഷേപം നടത്താൻ സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി ലിമിറ്റഡിന് ബോർഡിൻറെ അനുമതി ലഭിച്ചു.
ഒഡീഷയിലെ അംഗുൽ ജില്ലയിലാണ് താൽച്ചർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഈ 1,320 മെഗാവാട്ട് വിപുലീകരണം ഒരു ബ്രൗൺഫീൽഡ് പദ്ധതിയാണ്. 60 മെഗാവാട്ടിന്റെ നാല് യൂണിറ്റുകളും 110 മെഗാവാട്ടിന്റെ രണ്ട് യൂണിറ്റുകളുമാണ് പ്ലാന്റിലുള്ളത്. കൂടാതെ പ്ലാന്റിന്റെ നിലവിലുള്ള ശേഷി പ്രവർത്തനക്ഷമമാണ്.
ഒഡീഷ സർക്കാർ സ്ഥാപിച്ച പദ്ധതിയാണ് ടാൽച്ചർ പദ്ധതി. എന്നിരുന്നാലും, 1995-ൽ എൻടിപിസി ഈ പദ്ധതി ഏറ്റെടുത്തിരുന്നു. തുടർന്ന് 2010-ൽ എൻടിപിസി സ്റ്റേഷന്റെ ശേഷി വിപുലീകരിക്കാനും 660 മെഗാവാട്ട് വീതമുള്ള രണ്ട് യൂണിറ്റുകൾ സ്ഥാപിക്കാനും നീക്കം നടത്തിയിരുന്നു. എന്നാൽ, അനുമതി ലഭിക്കാൻ വൈകിയതിനാൽ പദ്ധതിയുടെ നടത്തിപ്പ് വൈകുകയായിരുന്നു. അതിന് പിന്നാലെയാണ് കമ്പനി ഇപ്പോൾ ശേഷി വിപുലീകരണത്തിനായി നിക്ഷേപത്തിനൊരുങ്ങുന്നത്.
അതേസമയം ഉയർന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 15 ശതമാനം വർധിച്ച് 3,977.77 കോടി രൂപയായി ഉയർന്നിരുന്നു. ജൂൺ പാദത്തിൽ എൻടിപിസിയുടെ മൊത്ത വൈദ്യുതി ഉൽപ്പാദനം 86.88 ബില്യൺ യൂണിറ്റായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 71.74 ബില്യൺ യൂണിറ്റായിരുന്നു. സംയുക്ത സംരംഭങ്ങൾ ഉൾപ്പെടെ 69,134.20 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ പവർ യൂട്ടിലിറ്റിയാണ് എൻടിപിസി.