
മുംബൈ: ഇന്നലെ നാല് ശതമാനം ഉയര്‍ന്ന എന്‍ടിപിസിയുടെ ഓഹരി വില ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇന്നലെ ഓഹരി വില 209.45 രൂപ വരെ ഉയര്‍ന്നപ്പോള്‍ കമ്പനിയുടെ വിപണിമൂല്യം രണ്ട് ലക്ഷം കോടി രൂപ മറികടന്നു.
2018ന് ശേഷം ആദ്യമായാണ് എന്‍ടിപിസിയുടെ വിപണിമൂല്യം ഈ നിലവാരത്തിലെത്തുന്നത്. 2010 ഒക്‌ടോബറിനു ശേഷമുള്ള ഉയര്‍ന്ന വിലയാണ് ഇന്നലെ എന്‍ടിപിസി രേഖപ്പെടുത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദകരായ എന്‍ടിപിസിക്ക് 69,134 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയാണുള്ളത്. 2032ഓടെ 130 ജിഗാവാട്ട് കമ്പനിയാകുകയാണ് എന്‍ടിപിസിയുടെ ലക്ഷ്യം.
കഴിഞ്ഞ ഒരു മാസത്തിനിടെ വേറിട്ട പ്രകടനമാണ് എന്‍ടിപിസി ഓഹരി വിപണിയില്‍ കാഴ്‌ച വെച്ചത്. ഒരു മാസം കൊണ്ട് എന്‍ടിപിസിയുടെ ഓഹരി വില 12 ശതമാനം ഉയര്‍ന്നു.
അതേസമയം ഇക്കാലയളവില്‍ നിഫ്‌റ്റി 4.5 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം 38 ശതമാനമാണ് എന്‍ടിപിസി നല്‍കിയ നേട്ടം.