കൊച്ചി: വിവാദമായ മണിയാർ വൈദ്യുതിപദ്ധതിക്ക് പിന്നാലെ കായംകുളം താപനിലയവും സർക്കാരിന് മുന്നിലേക്ക്.
വൈദ്യുതി ബോർഡിന് വർഷം 100 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കായംകുളം താപനിലയത്തിന്റെ കരാർ അവസാനിക്കാൻ ഇനി രണ്ടരമാസമേയുള്ളൂ. കരാർ പുതുക്കാൻ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി.) അണിയറയിൽ അതിവേഗ നീക്കങ്ങളുമായി രംഗത്തുണ്ട്.
കായംകുളം-മണിയാർ കരാറുകൾ പുതുക്കാതിരുന്നാൽ സംസ്ഥാനത്തെ വൈദ്യുതിനിരക്ക് നേരിയതോതിലെങ്കിലും കുറയ്ക്കാനാകും. മണിയാർപോലെ കായംകുളം കരാറും അന്തിമതീരുമാനത്തിനായി മുഖ്യമന്ത്രിക്ക് മുന്നിലേക്കെത്തുമെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ 1999-ൽ കമ്മിഷൻചെയ്ത കായംകുളം താപനിലയം ആയിരക്കണക്കിന് കോടികളുടെ നഷ്ടമാണ് വരുത്തിവെച്ചത്. വിലയേറിയ ‘നാഫ്ത’ ഉപയോഗിച്ചായിരുന്നു വൈദ്യുതോത്പാദനം.
യൂണിറ്റിന് 13-14 രൂപവരെ നൽകേണ്ടിവന്നതോടെ 2017 മുതൽ സംസ്ഥാനം കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങാതായി.
പക്ഷേ, ഫിക്സഡ് ചാർജിനത്തിൽ ആദ്യഘട്ടത്തിൽ 200 കോടിയും പിന്നീട് 100 കോടി രൂപയും പ്രതിവർഷം നൽകേണ്ടിവന്നു. ഈയിനത്തിൽ കാൽനൂറ്റാണ്ടിനുള്ളിൽ എൻ.ടി.പി.സി.ക്ക് കേരളം നൽകിയത് 4692 കോടി രൂപ.
നഷ്ടമാണെന്ന് ബോധ്യപ്പെട്ടിട്ടും വൈദ്യുതിബോർഡ് എൻ.ടി.പി.സി.യുമായി 2013-ൽ സപ്ലിമെന്ററി പവർ പർച്ചേസ് കരാറുണ്ടാക്കി. വൈദ്യുതിയുത്പാദനത്തിന് നാഫ്തയ്ക്കു പകരം പ്രകൃതിവാതകമുൾപ്പെടെയുള്ള മറ്റെന്തെങ്കിലും പ്രയോജനപ്പെടുത്താമെന്നായിരുന്നു കരാർ വ്യവസ്ഥകളിലൊന്ന്.
എന്നാൽ, 12 വർഷമായിട്ടും ഒന്നും സംഭവിച്ചില്ല. മെഥനോൾ ഉപയോഗിച്ച് വൈദ്യുതിയുത്പാദിപ്പിക്കാം എന്ന നിർദേശം ഇപ്പോൾ എൻ.ടി.പി.സി. മുന്നോട്ടുവെക്കുന്നുണ്ട്.
2025 ഫെബ്രുവരിയിൽ കരാർ അവസാനിക്കുമ്പോൾ കേരളം സൗജന്യമായി നൽകിയ 999 ഏക്കറും പ്ലാന്റും എൻ.ടി.പി.സി. തിരികെനൽകണം. പദ്ധതിപ്രദേശത്ത് എൻ.ടി.പി.സി. 92 മെഗാവാട്ടിന്റെ ഫ്ലോട്ടിങ് സൗരോർജപ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
പ്രധാന കരാർ 2025-ൽ അവസാനിക്കുമെന്നറിഞ്ഞിട്ടും പ്ലാന്റിൽനിന്ന് സൗരോർജ വൈദ്യുതി 25 വർഷത്തേക്ക് വാങ്ങാൻ 2019-ൽ വൈദ്യുതിബോർഡ് എൻ.ടി.പി.സി.യുമായി കരാറുണ്ടാക്കി. ഈ പ്ലാന്റും കേരളം ഏറ്റെടുക്കേണ്ടിവരും.