കൊച്ചി: ഉയർന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ പാദത്തിൽ പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ ഏകീകൃത അറ്റാദായം 15 ശതമാനത്തിലധികം വർധിച്ച് 3,977.77 കോടി രൂപയിലെത്തി. 2021 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3,443.72 കോടി രൂപയായിരുന്നുവെന്ന് ബിഎസ്‌ഇയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 30,390.60 കോടി രൂപയിൽ നിന്ന് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്ത വരുമാനം 43,560.72 കോടി രൂപയായി ഉയർന്നു. അതേപോലെ മുൻവർഷത്തെ പാദത്തിലെ 26,691.49 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ ചെലവ് 38,399.33 കോടി രൂപയായി വർധിച്ചു.
ജൂൺ പാദത്തിൽ, എൻടിപിസിയുടെ മൊത്തം വൈദ്യുതി ഉൽപാദനം 86.88 ബില്യൺ യൂണിറ്റായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 71.74 ബില്യൺ യൂണിറ്റായിരുന്നു. അവലോകനത്തിന് വിധേയമായ ഏറ്റവും പുതിയ പാദത്തിൽ അതിന്റെ പ്ലാന്റുകൾക്കുള്ള ആഭ്യന്തര കൽക്കരി വിതരണം 51.24 ദശലക്ഷം ടണ്ണായി ഉയർന്നു.
ജൂൺ പാദത്തിൽ കമ്പനിയുടെ കൽക്കരി ഉൽപ്പാദനം (ക്യാപ്റ്റീവ് മൈനുകളിൽ നിന്ന്) 4.10 ദശലക്ഷം ടണ്ണായി ഉയർന്നപ്പോൾ, കമ്പനിയുടെ കൽക്കരി ഇറക്കുമതി 4.33 ദശലക്ഷം ടണ്ണായി ഉയർന്നു. ഈ കാലയളവിൽ കമ്പനിയുടെ ശരാശരി പവർ താരിഫ് യൂണിറ്റിന് 4.57 രൂപയായിരുന്നു. സംയുക്ത സംരംഭങ്ങൾ ഉൾപ്പെടെ 69,134.20 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ പവർ യൂട്ടിലിറ്റിയാണ് എൻടിപിസി.