മുംബൈ: 2022 സെപ്തംബർ പാദത്തിൽ 7 ശതമാനം ഇടിവോടെ 3,417.67 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ എൻടിപിസി. 2021 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായം 3,690.95 കോടി രൂപയായിരുന്നുവെന്ന് കമ്പനി ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.
അതേസമയം മൊത്തവരുമാനം മുൻവർഷം ഇതേ കാലയളവിലെ 33,095.67 കോടി രൂപയിൽ നിന്ന് 44,681.50 കോടി രൂപയായി ഉയർന്നു. സമാനമായി ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്തം ചെലവ് 40,000.99 കോടി രൂപയായി വർധിച്ചു. മൊത്തം ചിലവ് വർധിച്ചതിനാലാണ് ലാഭം ഇടിഞ്ഞതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
എൻടിപിസിയുടെ കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളുടെ പ്ലാന്റ് ലോഡ് ഫാക്ടർ (പിഎൽഎഫ് അല്ലെങ്കിൽ ശേഷി വിനിയോഗം) രണ്ടാം പാദത്തിൽ 74.08 ശതമാനമായി ഉയർന്നു. കൂടാതെ ഇറക്കുമതി ചെയ്ത കൽക്കരി വിതരണം 5.58 MMT ആയി വർധിച്ചപ്പോൾ ആഭ്യന്തര കൽക്കരി വിതരണം 48.72 MMT ആയി ഉയർന്നു.
എൻടിപിസി ഗ്രൂപ്പിന്റെ മൊത്തം സ്ഥാപിത ശേഷി 70,254 മെഗാവാട്ടാണ്. വൈദ്യുതി ഉൽപാദനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് എൻടിപിസി ലിമിറ്റഡ്.