ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണികളുടെ പ്രതിരോധശേഷി പല വിശകലന വിദഗ്ധരെയും അത്ഭുതപ്പെടുത്തുകയാണ്. എസ്ആന്റ്പി500 18 ശതമാനം തകര്‍ച്ച നേരിടുമ്പോള്‍ നിഫ്റ്റി 1.8 ശതാനം ഉയര്‍ച്ചയിലാണ്. എന്നാല്‍ ഉയരുന്ന ഡീമാറ്റ് അക്കൗണ്ടുകളാണ് വിപണികളെ പിടിച്ചുനിര്‍ത്തുന്നതെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊത്തം ഡീമാറ്റ് അക്കൗണ്ടുകള്‍ (സിഡിഎസ്എല്‍, എന്എസ്ഡിഎല്) 10 കോടി കടന്ന കാര്യം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഓഗസ്റ്റില്‍, സിഡിഎസ്എല്‍ മാത്രം 7 കോടിയിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നു. രണ്ട് വര്‍ഷത്തിനിടയിലെ മൂന്നിരട്ടി കുതിപ്പാണ് ഇത്.
കോവിഡ് നാശം വിതച്ച 2020-2021 കാലഘട്ടത്തില്‍ ആഗോളവിപണികളെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യന്‍ ഓഹരി വിപണികള്ക്കായിരുന്നു. റീട്ടെയല്‍ രംഗത്തെ വളര്‍ച്ചയാണ് അതിന് എക്സ്ചേഞ്ചുകളെ തുണച്ചത്. മാത്രമല്ല തുടര്‍ന്നുണ്ടായ പണപ്പെരുപ്പവും ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനവും വിദേശ നിക്ഷേപത്തെ അകറ്റിയപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ വിപണിയെ പിടിച്ചു നിര്‍ത്തി.
എന്നാല്‍ ഇപ്പോള്‍ വിദേശനിക്ഷേപകര്‍ തിരിച്ചെത്തി. വിപണി എക്കാലത്തേയും ഉയരത്തില്‍ നിന്നും 5 ശതമാനം മാത്രം താഴെയാണുള്ളത്. ആഗോളവിപണികളേക്കാള് മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ വിപണികള്‍ നടത്തുന്നതും.
ഈ സാഹചര്യത്തില്‍ റീട്ടെയില്‍ നിക്ഷേപകര്‍ കരുതലെടുക്കണമെന്നാണ് ജിയോജിത്തിലെ വികെ വിജയ് കുമാര്‍ ഉപദേശിക്കുന്നത്. ലോ ഗ്രേഡ് ഓഹരികളില്‍ നിന്നും മാറി മികച്ച ഓഹരികളില്‍ നിക്ഷേപം നടത്തുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്ള നിക്ഷേപകര്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നുവെന്നും അതു കാണുന്നത് സന്തോഷകരമാണെന്നും സിഡിഎസ്എല്‍ എംഡി, സിഇഒ നെഹാല്‍ വോറ പ്രതികരിച്ചു. സജീവമായ ഡീമാറ്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍ നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഡിപ്പോസിറ്ററിയാണ് സിഡിഎസ്എല്‍.