ന്യൂയോർക്ക്: ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന പദവിയിലേക്ക് അടുത്ത് ഏറ്റവും വലിയ എഐ ചിപ്പ് നിർമാതാക്കളായ എൻവിഡിയ കോർപറേഷൻ. കലിഫോർണിയ ആസ്ഥാനമായ എൻവിഡിയ നിലവിൽ ആപ്പിളിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്.
തിങ്കളാഴ്ച എൻവിഡിയയുടെ ഓഹരിയിലുണ്ടായ വലിയ കുതിപ്പാണ് കമ്പനിയെ ആപ്പിളിനു പിന്നിലെത്തിച്ചത്. ഓഹരി വില 2.4 ശതമാനം ഉയർന്ന് 138.07 ഡോളറിലെത്തി. മൈക്രോസോഫ്റ്റിനെ പിന്തള്ളിയാണ് എൻവിഡിയ രണ്ടാമതെത്തിയത്.
നിലവിൽ എൻവിഡിയയുടെ വിപണി മൂല്യം 3.39 ട്രില്യൺ ഡോളറായി ഉയർന്നു. 3.52 ട്രില്യൺ ഡോളറുമായി ആപ്പിളാണ് മുന്നിൽ. മൈക്രോസോഫ്റ്റിന് 3.12 ട്രില്യൺ ഡോളറാണ്. എൻവിഡിയയുടെ ഓഹരി വില ഉയർന്നതോടെ വരും ദിവസങ്ങളിൽ കമ്പനി ആപ്പിളിനെ മറികടന്ന് ഒന്നാമതെത്തുമെന്നാണ് വിലയിരുത്തുന്നത്. എഐ അധിഷ്ഠിത ചിപ്പുകൾക്ക് ആവശ്യക്കാർ ഏറിയതാണ് കമ്പനിയുടെ മുന്നേറ്റത്തിനു കാരണം.
വളർന്നുവരുന്ന എഐ സാങ്കേതികവിദ്യയിൽ ആധിപത്യം സ്ഥാപിക്കാൻ ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്, ആമസോണ് എന്നിവയും മറ്റ് പ്രമുഖ ടെക് കമ്പനികളും തമ്മിലുള്ള മത്സരത്തിൽ നിന്ന് വാൾസ്ട്രീറ്റിന്റെ ഏറ്റവും വലിയ വിജയിയാണ് എൻവിഡിയ.
ജൂണിൽ മൈക്രോസോഫ്റ്റിനെ പിന്തള്ളി എൻവിഡിയ താത്കാലികമായി ലോകത്തെ മൂല്യമേറിയ കമ്പനി എന്ന സ്ഥാനത്തെത്തിയിരുന്നു. എൻവിഡിയ, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നീ മൂന്നു ടെക് ഭീമന്മാരുടെയും മാർക്കറ്റ് കാപിറ്റലൈസേഷൻ ഏതാനും മാസങ്ങളായി ഒപ്പത്തിനൊപ്പമായിരുന്നു.
എഐയുടെ വരവോടെയാണ് കമ്പനിയുടെ വിപണി മൂല്യം ഉയർന്നു തുടങ്ങിയത്. വരുമാനത്തിലുണ്ടായ കുതിപ്പും എഐയോടുള്ള നിക്ഷേപകരുടെ വർധിച്ചുവരുന്ന താത്പര്യവുമാണ് കമ്പനിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്.
ഗ്രാഫിക് ഡിസൈനിംഗ്, ഗെയ്മിംഗ്, മൾട്ടിമീഡിയ മേഖലയിലെ അറിയപ്പെടുന്ന കമ്പനിയായ എൻവിഡിയയുടെ ഗതിമാറിയത് എഐയുടെ വരവോടെയാണ്. നിർമിതബുദ്ധിയുടെ വളർച്ച, ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് നിർമാതാക്കളായ കമ്പനിയെ സെമികണ്ടക്ടർ രംഗത്തെ കുത്തക കമ്പനിയാക്കി മാറ്റി.
1993ൽ കലിഫോർണയിയിലെ മൂന്ന് എൻജിനിയർമാർ ചേർന്നാണ് സാന്റ ക്ലാരയിൽ കമ്പനി തുടങ്ങുന്നത്. ജെൻസണ് ഹോംഗ്, ക്രിസ് മലചോവ്സ്കി, കർട്ടീസ് പ്രീം എന്നിവരാണ് സ്ഥാപകർ. നെക്സ്റ്റ് വിഷൻ (എൻവി) എന്ന പേരിലായിരുന്നു തുടക്കം.
പിന്നീട് ഇൻവിഡിയ എന്ന ലാറ്റിൻ പദവും ചേർത്ത് എൻവിഡിയ എന്നാക്കി. 1999ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു.
വിഡിയോ ഗെയിമിംഗ് ഉത്പന്നങ്ങൾ വിപണിയിൽ ഹിറ്റായതോടെ മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് കണ്സോളുകൾക്കുവേണ്ടി എൻവിഡിയയെ സമീപിച്ചു. പ്ലേസ്റ്റേഷനുവേണ്ടി സോണിയും കമ്പനിയുമായി കരാറായി. ഔഡിയുടെ വാഹനങ്ങൾക്കുള്ള ഗ്രാഫിക് ചിപ്പുകളുടെ നിർമാണവും കമ്പനിക്കായി.
മൈക്രോസോഫ്റ്റ്, മെറ്റ, ഗൂഗിൾ ടെക്, ഒറാക്കിൾ തുടങ്ങിയ ടെക് ഭീമന്മാർ എൻവിഡിയയുടെ ഉപയോക്താക്കളാണ്. ഇന്ത്യയിലെ ടാറ്റ, ജിയോ, ഇൻഫോസിസ് കമ്പനികളും എൻവിഡിയയുമായി കരാറിലായിരിക്കുകയാണ്.