ഇന്ത്യയുമായി കൈകോർത്ത് പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള അത്യാധുനിക എ.ഐ. ചിപ്പുകള്‍ രാജ്യത്തിനായി വികസിപ്പിക്കാൻ അമേരിക്കൻ ടെക് ഭീമനായ എൻവിഡിയ.
ചിപ്പ് ഡസൈനിങ്ങിലെ ഇന്ത്യക്കാരുടെ സവിശേഷമായ കഴിവ് പ്രയോജനപ്പടുത്തി ചിപ്പുകള്‍ വികസിപ്പിക്കാനായാണ് എൻവിഡിയ ഇന്ത്യയിലെത്തുന്നത്.
നേരത്തേ ഈ വർഷം ആദ്യം എൻവിഡിയ സി.ഇ.ഒ. ജെൻസെൻ ഹുവാങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്ക് തുടക്കമായത്. എൻവിഡിയയുമായുള്ള തുടർചർച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ചർച്ചകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇന്ത്യയുമായി സഹകരിച്ച് പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള എ.ഐ. ചിപ്പുകള്‍ വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ എൻവിഡിയ നടത്തുന്നത്. ഇതുകൊണ്ടുള്ള സാധ്യതകള്‍, പദ്ധതിയുടെ ചെലവ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സർക്കാർ പരിശോധിച്ചുവരികയാണ്.
ഇന്ത്യൻ റെയില്‍വേയുടെ സുരക്ഷാ സംവിധാനമായ കവച് ഉള്‍പ്പെടെയുള്ളവയില്‍ ഉപയോഗിക്കാൻ കഴിയുന്ന എ.ഐ. ചിപ്പുകളാണ് എൻവിഡിയ ഇന്ത്യയുമായി സഹകരിച്ച് വികസിപ്പിക്കുക.
ചിപ്പ് പദ്ധതി ഇന്ത്യയുടെ എ.ഐ. മിഷന്റെ ഭാഗമാകുകയാണെങ്കില്‍ സ്റ്റാർട്ടപ്പുകള്‍, ബിസിനസുകള്‍, പൊതുമേഖലയിലെ പദ്ധതികള്‍ എന്നിവയ്ക്കെല്ലാം അതിന്റെ ആനുകൂല്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.