
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 95 ഡോളറിലേക്കു താഴ്ന്നെങ്കിലും ഇന്ത്യയിൽ ഇന്ധനവില ഉടനെയൊന്നും കുറയാൻ സാധ്യതയില്ലെന്നു വിലയിരുത്തൽ. ക്രൂഡ് വില ഉയർന്നു നിൽക്കുമ്പോഴും കഴിഞ്ഞ നാലു മാസത്തോളമായി രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാത്തതിനാൽ വലിയ നഷ്ടം നേരിടുന്നു എന്നാണ് പൊതുമേഖല എണ്ണ കമ്പനികൾ അവകാശപ്പെടുന്നത്.
നഷ്ടം നികത്തും വരെയെങ്കിലും വിലയിൽ മാറ്റമുണ്ടാകില്ലെന്നാണു സൂചന. വില കുറച്ചു വിൽക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകിയിരുന്ന സബ്സിഡി ഇപ്പോഴില്ല. അതിനാൽ വില കുറയ്ക്കാതെ നഷ്ടം നികത്തുകയാണ് ലക്ഷ്യം.
ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ബാരലിന് 100 ഡോളറിൽ താഴേക്കു വരുന്നത്. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ ശരാശരി വില ഇപ്പോൾ 91 ഡോളറായി താഴ്ന്നു. ജൂണിൽ ഇത് 116 ഡോളറും ജൂലൈയിൽ 105 ഡോളറുമായിരുന്നു.
രാജ്യത്ത് ഏറ്റവുമധികം വിൽപന നടക്കുന്ന ഡീസലിന് ലീറ്ററിന് 5 രൂപയോളം നഷ്ടം നേരിടുന്നുണ്ടെന്ന് എണ്ണക്കമ്പനികൾ പറയുന്നു. എന്നാൽ പെട്രോൾ വിൽപനയിൽ കമ്പനികൾക്ക് ഇപ്പോൾ നഷ്ടവുമില്ല, ലാഭവുമില്ല. ക്രൂഡ് വില ഏറ്റവും ഉയർന്നു നിന്ന സമയത്ത് പെട്രോളിന് ലീറ്ററിന് 20–25 രൂപയും ഡീസലിന് 14–18 രൂപയും നഷ്ടം നേരിട്ടുവെന്ന് എണ്ണക്കമ്പനികൾ പറയുന്നു.
റഷ്യ– യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ തുടങ്ങിയപ്പോൾ മാർച്ച് 22 മുതലാണ് രാജ്യത്ത് ഇന്ധന വിലയിൽ വർധന വരുത്താൻ തുടങ്ങിയത്. ഏപ്രിൽ 6 വരെയുള്ള 16 ദിവസം കൊണ്ട് പെട്രോൾ ലീറ്ററിന് 10.02 രൂപയും ഡീസലിന് 9.68 രൂപയും വർധിപ്പിച്ചു. പിന്നീട് മേയ് 22ന് എക്സൈസ് നികുതിയിൽ കേന്ദ്രസർക്കാർ കുറവു വരുത്തിയപ്പോഴാണ് ഇന്ധന വില അൽപമെങ്കിലും കുറഞ്ഞത്.
ഇന്ധനവില വർധനയില്ലാത്തതിനെ തുടർന്ന് രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികൾക്കെല്ലാം ചേർന്ന് ജൂൺ പാദത്തിൽ ഏകദേശം 18,480 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.