ന്യൂഡല്‍ഹി: യു.എസ് കരുതല്‍ ശേഖരം വര്‍ധിച്ച പശ്ചാത്തലത്തില്‍ അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ എണ്ണവില വീണ്ടും കുറഞ്ഞു. ബ്രെന്റ് ക്രൂഡ് അവധി വില 6 സെന്റ് ഇടിവ് നേരിട്ട് 96.25 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 16 സെന്റ് കുറഞ്ഞ് 90.34 ഡോളറിലുമാണുള്ളത്. മാന്ദ്യഭീതിയും ചൈന ഇറക്കുമതി കുറച്ചതും കാരണം കഴിഞ്ഞ രണ്ടാഴ്ചയായി എണ്ണവില ഇടിവ് നേരിടുകയാണ്.
2020 ഏപ്രിലിന് ശേഷമുള്ള വലിയ കുറവില്‍ 13.7 ശതമാനമാണ് ബ്രെന്റ് നഷ്ടപ്പെടുത്തിയത്. ഡബ്ല്യുടിഐ കഴിഞ്ഞയാഴ്ച 9.7 ശതമാനം താഴ്ന്നു. ഡിമാന്റ് ഇടിവ് കാരണം യു.എസ് കരുതല്‍ ശേഖരം വര്‍ധിക്കുകയാണ്.
ആഗസ്റ്റ് 5 ന് അവസാനിച്ച ആഴ്ചയില്‍ 2.2 മില്ല്യണ്‍ ബാരല്‍ അധികമാണ് ശേഖരം. അനലിസ്റ്റുകള്‍ കുറവ് പ്രതീക്ഷിച്ച സ്ഥാനത്താണ് ഇത്. യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി ബുധനാഴ്ച പുറത്തുവിടും.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഉപഭോഗം കൂടുമെന്നും അത് വിലവര്‍ധനവിലേയ്ക്ക് നയിക്കുമെന്നും യുഎസ് ഓയില്‍ റിഫൈനര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.