ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടന ഒപെക്, ഉത്പാദനം വെട്ടിച്ചുരുക്കാനൊരുങ്ങിയത് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. ബ്രെന്റ് ക്രൂഡ് അവധിവില 32 സെന്റ് വര്‍ധിച്ച് 96.80 ഡോളറിലെത്തിയപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 37 സെന്റ് ഉയര്‍ന്ന് 90.73 ഡോളറിലെത്തി. ബ്രെന്റ് അവധി വില തിങ്കളാഴ്ച 4 ഡോളര്‍ താഴ്ച വരിച്ചിരുന്നു.
ഇരു സൂചികകളും യഥാക്രമം 12 ശതമാനം, 8 ശതമാനം എന്നിങ്ങനെ പ്രതിമാസ ഇടിവ് വരുത്തി. വിലയിലുണ്ടായ തിരുത്തല്‍ മറികടക്കാനാണ് ഒപെക് ഉത്പാദനം വെട്ടിച്ചുരുക്കുന്നത്. വിതരണം കുറഞ്ഞിട്ടും എണ്ണവില കുറയുന്നത് ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് സൗദി അറേബ്യ പറയുന്നു.
മാന്ദ്യഭീതിയും ചൈനയുടെ സാമ്പത്തിക പ്രതിസന്ധിയും ഡിമാന്റ് കുറയ്ക്കുകയാണ്. അതേസമയം കസാക്കിസ്ഥാനില്‍ നിന്നും യൂറോപ്പിലേയ്‌ക്കെത്തുന്ന പൈപ്പ്‌ലൈന്‍ തകരാറിലായി. ഇതോടെ യൂറോപ്പ് വീണ്ടും ഊര്‍ജ്ജ പ്രതിസന്ധി നേരിട്ടു.
റഷ്യവഴിയാണ് ഈ പൈപ്പ് ലൈന്‍ യൂറോപ്പിലേയ്‌ക്കെത്തുന്നത്. മാത്രമല്ല, ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന് തടയിടുന്നത് അമേരിക്കയാണെന്ന് ഇറാന്‍ തിങ്കളാഴ്ച ആരോപിച്ചു. എന്നാല്‍ വാഷിങ്ടണ്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ഇറാന്‍ ന്യൂക്ലിയര്‍ കരാര്‍ വാരാന്ത്യത്തില്‍ ഒപ്പുവയ്ക്കുമെന്ന വാര്‍ത്ത ഖത്തര്‍ ന്യൂസ് ഓര്‍ഗനൈസേഷന്‍ അല്‍ ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ നാല് മാസത്തിനുള്ളില്‍ പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ ഇറാനില്‍ നിന്നും ലഭ്യമാകാന്‍ കളമൊരുങ്ങി.