ലണ്ടന്‍: മൂന്നുശതമാനം താഴ്ച വരിച്ച ശേഷം എണ്ണവില മാറ്റമില്ലാതെ തുടര്‍ന്നു. ബ്രെന്റ് 0.2 ശതമാനം മാത്രം ഉയര്‍ന്ന് ബാരലിന് 95.30 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി (ഡബ്ല്യുടിഐ) സമാന താഴ്ചയില്‍ 88.78 ഡോളറിലുമാണുള്ളത്. വിതരണ സമ്മര്‍ദ്ദമാണ് വിലയിടിവിനെ പിടിച്ചു നിര്‍ത്തുന്നത്.
ചൈനയുടെ മോശം സാമ്പത്തിക പ്രകടനവും യു.എസ് കരുതല്‍ ശേഖരത്തിലെ ഉയര്‍ച്ചയും കാരണം സൂചികകള്‍ 3 ശതമാനത്തോളം താഴ്ച വരിച്ചിരുന്നു. വരും കാല ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്ന സൂചന നല്‍കി ചൈനയിലെ ഫാക്ടറി പണപ്പെരുപ്പം വര്‍ഷത്തിലാദ്യമായി ഒക്ടോബറില്‍ താഴ്ന്നു. രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയാണ്.
സീറോ കോവിഡ് പോളിസി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയാണെന്ന് ഡാറ്റകള്‍ കാണിക്കുന്നു. ഉപഭോഗം താഴ്ന്നതോടെ ക്രൂഡ് ഇറക്കുമതി കുറയ്ക്കാന്‍ രാജ്യം തയ്യാറായി. അതേസമയം യു.എസ് കരുതല്‍ ശേഖരം 5.6 മില്യണ്‍ ബാരലിന്റെ പ്രതിവാര ഉയര്‍ച്ചയാണ് പ്രകടമാക്കിയത്. അതിനിയും ഉയരുമെന്നാണ് പ്രവചനം.
വിതരണ സമ്മര്‍ദ്ദം കാരണം കഴിഞ്ഞയാഴ്ചകളില്‍ എണ്ണവില ഉയര്‍ന്നിരുന്നു. ഒപെക് ഉത്പാദനം കുറയ്ക്കുന്നതും യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ എണ്ണ ഉപരോധം ഡിസംബറില്‍ പ്രാബല്യത്തില്‍ വരുന്നതുമാണ് വിലയ്ക്ക് താങ്ങാവുന്നത്.