സിംഗപ്പൂര്‍: എട്ട് മാസത്തെ കുറഞ്ഞവിലയിലെത്തിയ ശേഷം എണ്ണവില നേരിയ തോതില്‍ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് അവധി 17 സെന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് 86.32 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 21 സെന്റ് അഥവാ 0.3 ശതമാനം നേട്ടത്തില്‍ ബാരലിന് 78.95 ഡോളറിലുമാണുള്ളത്. ഇരു സൂചികകളും വെള്ളിയാഴ്ച 5 ശതമാനം വീതം ഇടിവ് നേരിട്ടിരുന്നു.
കേന്ദ്രബാങ്കുകള്‍ നിരക്കുയര്‍ത്തുന്നതുമൂലമുള്ള മാന്ദ്യഭീതിയും ഡോളറിന്റെ ശക്തിപ്പെടലുമാണ് എണ്ണവില കുറയ്ക്കുന്നത്. ഡോളര്‍ സൂചിക തിങ്കളാഴ്ച 20 വര്‍ഷത്തെ ഉയരത്തിലാണുള്ളത്. എന്നാല്‍ യുദ്ധം രൂക്ഷമാകുന്നതും റഷ്യയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഡിസംബറില്‍ പ്രാബല്യത്തില്‍ വരുന്നതും കാരണം വിലയിടിവിന് ശമനമുണ്ടാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
ഉക്രൈനെതിരെ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ഈയിടെ റഷ്യ തയ്യാറായിരുന്നു. അതിനിടയില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള എണ്ണവിതരണ സംഘം ഒപെക് പ്ലസ് ഒക്ടോബര്‍ 5 ന് യോഗം ചേരുകയാണ്. വില കുറയുന്ന സാഹചര്യത്തില്‍ ഉത്പാദനം കുറയ്ക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഒപെക്, ഒപെക് പ്ലസ് സംഘടനകള്‍ കഴിഞ്ഞ മീറ്റിഗിലും ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.