ലണ്ടന്‍: വിതരണം കുറയ്ക്കാനുള്ള സൗദി അറേബ്യയുടേയും ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസി (ഒപെക്)ന്റെയും തീരുമാനം ചൊവ്വാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 0.5 ശതമാനം ഉയര്‍ന്ന് 87.89 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി (ഡബ്ല്യുടിഐ) 0.4 ശതമാനം ഉയര്‍ന്ന് 80.33 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഇരു സൂചികകളും തിങ്കളാഴ്ച 0.2 ശതമാനം ഉയര്‍ന്നിരുന്നു.
അതേസമയം കഴിഞ്ഞയാഴ്ച വില കുറഞ്ഞു. 10 ശതമാനത്തിനടുത്താണ് ഇരു സൂചികകളും താഴ്ച വരിച്ചത്. റെക്കോര്‍ഡ് കോവിഡ് കേസുകളെ തുടര്‍ന്ന് ബീജിംഗ്, ഷാങ്ഗായി ഉള്‍പ്പടെയുള്ള നഗരങ്ങളെ ചൈന ലോക് ഡൗണിലാക്കിയിരുന്നു.
ഇതിനെ തുടര്‍ന്നായിരുന്നു ഇടിവ്.ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമാണ് ചൈന. അതേസമയം വില സ്ഥിരത നിലനിര്‍ത്താനായി പ്രതിദിന വിതരണം 2 മില്യണ്‍ ബാരല്‍ കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചു.
2023 അവസാനം വരെ വിതരണക്കുറവ് നിലനിര്‍ത്തുമെന്നാണ് സംഘടന പറഞ്ഞിരിക്കുന്നത്. ആവശ്യമെങ്കില്‍ വീണ്ടും കുറവ് വരുത്താന്‍ തയ്യാറാകുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുള്‍അസിസ് ബിന്‍ സല്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.