
ബെംഗളുരു ആസ്ഥാനമായ ഒല ഇലക്ട്രിക്കിന്റെ ഐപിഒ ഉടന്‍ ഉണ്ടാകും. കഴിഞ്ഞ ദിവസം ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.
താന്‍ വിചാരിച്ചതിലും വേഗത്തില്‍ കമ്പനി ഐപിഒയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മുംബൈയില്‍ നിന്നും ബിരുദം നേടിയിട്ടുള്ള വ്യക്തി കൂടിയാണ് ഭവിഷ് അഗര്‍വാള്‍.
2021 അവസാനത്തോടെയാണു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പന ആരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ 38 ശതമാനമാണ് ഒലയുടെ വിപണി വിഹിതം.
2021 ഡിസംബര്‍ മുതല്‍ ഇതുവരെയായി 2,39,000 ഇലക്ട്രിക് സ്‌കൂട്ടറുകളാണു കമ്പനി വിറ്റഴിച്ചിരിക്കുന്നതെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സിന്റെ കണക്കുകള്‍ പറയുന്നു.
സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പറേഷനും, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റുമാണ് ഒല ഇലക്ട്രിക്കിന്റെ പ്രധാന നിക്ഷേപകര്‍.
2024 അവസാനത്തോടെ ഒല ഇലക്ട്രിക് കാര്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. അതിനു പുറമെ ലാറ്റിനമേരിക്ക, യൂറോപ്പ്, സൗത്ത്ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്ക് ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കയറ്റുമതി ചെയ്യുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നു 37-കാരനായ സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
നേരത്തേ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ആഭ്യന്തരതലത്തില്‍ ആവശ്യം ശക്തമായതിനാല്‍ അത് നടന്നില്ല.
തമിഴ്‌നാട്ടില്‍ സേലത്തിനു സമീപം 115 ഏക്കറില്‍ ബാറ്ററി ഫാക്ടറി നിര്‍മിക്കുകയാണ് ഒല. 100 ഗിഗാവാട്ട് ഫാക്ടറിയാണ് ഒല ഒരുക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും വലിയ ഗിഗാഫാക്ടറിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇലക്ട്രിക് കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, സെല്‍ എന്നിവയുടെ നിര്‍മാണത്തിനായി 7614 കോടി രൂപയുടെ നിക്ഷേപമാണു ഒല തമിഴ്‌നാട്ടില്‍ നടത്തുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒലയും തമിഴ്‌നാട് സര്‍ക്കാരും ഫെബ്രുവരിയില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
ആഭ്യന്തരതലത്തില്‍ ഇലക്ട്രിക് വെഹിക്കിളിന്റെ ഘടകങ്ങള്‍ നിര്‍മിക്കുന്നത് ഒല കമ്പനിക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണു കണക്കാക്കുന്നത്.
ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുമ്പോള്‍ വലിയ തോതില്‍ നിര്‍മിച്ച് വില്‍പ്പന നടത്താനും അവയുടെ മാര്‍ജിന്‍ വര്‍ധിപ്പിക്കാനും അത് സഹായിക്കും. ഒല ഐപിഒയ്ക്ക് ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഐപിഒക്ക് നേതൃത്വം കൊടുക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളായ കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവരുമായി ഒല ചര്‍ച്ച നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒല ഇലക്ട്രിക് 73,000 യൂണിറ്റ് സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്.
അതിലൂടെ വില്‍പ്പനയില്‍ മൂന്നിരട്ടി വര്‍ദ്ധന രേഖപ്പെടുത്തി. വില്‍പ്പനയിലെ ഈ കുതിപ്പ് ഒല ഇലക്ട്രിക്കിന് ഐപിഒയ്ക്ക് അനുകൂല സാഹചര്യവും ഒരുക്കി.
ഐപിഒയിലൂടെ എത്ര തുക സമാഹരിക്കുമെന്ന് ഒല വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കമ്പനിയുടെ മൂല്യം അഞ്ച് ബില്യന്‍ ഡോളറിനു മുകളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നത് ഉറപ്പാണെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഒല ഇലക്ട്രിക് ഐപിഒ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമെന്നാണു അനലിസ്റ്റുകള്‍ പറയുന്നത്, ഐപിഒയിലൂടെ ഓഹരി വിപണിയിലേക്ക് ചുവടുവച്ചാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മാതാക്കളെന്ന നേട്ടവും ഒലയ്ക്കു സ്വന്തമാകും.
ഒല ഇലക്ട്രിക് സ്‌കൂട്ടറിനു പുറമെ ഓണ്‍ലൈന്‍ ഗതാഗത നെറ്റ് വര്‍ക്കായ ഒല ആപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.