
ബെംഗളൂരു: ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്‌ട്രിക്കിന് 7250 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നടത്തുന്നതിന് സെബിയുടെ അനുമതി ലഭിച്ചു. പബ്ലിക് ഇഷ്യു നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായിരിക്കും ഓല ഇലക്‌ട്രിക്.
ഡിസംബറിലാണ് പബ്ലിക് ഇഷ്യുവിന് അനുമതി തേടി കമ്പനി സെബിയെ സമീപിച്ചത്.
5500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1750 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതായിരിക്കും ഐപിഒ.
ഒഎഫ്‌എസ് വഴി നിലവിലുള്ള ഓഹരിയുടമകള്‍ 95.19 ദശലക്ഷം ഓഹരികള്‍ വിറ്റഴിക്കും. ഓല ഇലക്‌ട്രിക്കിന്റെ സ്ഥാപകന്‍ ഭാവിഷ് അഗവര്‍വാള്‍ 47.3 ദശലക്ഷം ഓഹരികള്‍ വില്‍ക്കും.
കമ്പനിയില്‍ തുടക്കത്തില്‍ നിക്ഷേപം നടത്തിയ ആല്‍ഫവേവ്, ആല്‍പ്പിന്‍, ഡിഐജി ഇന്‍വെസ്റ്റ്‌മെന്റ്, മാട്രിക്‌സ് എന്നിവയും മറ്റുള്ളവരും 47.89 ദശലക്ഷം ഓഹരികള്‍ വില്‍ക്കും.
ഐപിഒയ്‌ക്ക് മുമ്പായി 1100 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. അത് നടന്നാല്‍ ഐപിഒ വഴി സമാഹരിക്കുന്ന തുക 6150 കോടി രൂപയായി കുറയും.
ഐപിഒ വഴി സമാഹിക്കുന്ന തുക ഓല ഇലക്‌ട്രിക് കടം തിരിച്ചടക്കുന്നതിനും മൂലധന ചെലവിനും ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കും. മൂലധന ചെലവിനായി 1226 കോടി രൂപയും കടം തിരിച്ചടക്കുന്നതിനായി 800 കോടി രൂപയുമാണ് വകയിരുത്തുന്നത്.
ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് കൂടുതല്‍ തുക ചെലവിടുന്നത്- 1600 കോടി രൂപ.
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 52 ശതമാനം വിപണി പങ്കാളിത്തമാണ് ഓല ഇലക്‌ട്രിക്കിനുള്ളത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2782 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. 510 ശതമാനം വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. ചെലവുകള്‍ വര്‍ധിച്ചതു മൂലം കമ്പനിയുടെ നഷ്‌ടം 1472 കോടി രൂപയായി ഉയര്‍ന്നു.