രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്പന കുതിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ. 2023 ഏപ്രിലിൽ ഇന്ത്യയിലെ ആകെ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 60,000 കടന്നു.
ഇലക്ട്രിക് ഇരുചക്ര വിപണിയിലേക്ക് നിരവധി പുതിയ കമ്പനികൾ എത്തുകയും തങ്ങളുടെ സാന്നിധ്യം നഷ്ടപ്പെടാതിരിക്കാൻ നിലവിലെ കമ്പനികൾ പുതിയ മോഡലുകൾ പുറത്തിറക്കുകയും ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്. അതുകൊണ്ട് ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലെ മത്സരം കൂടുതൽ ശക്തമാവുകയാണ്.
2023 ഏപ്രിലിൽ ഇലക്ട്രിക് സ്‍കൂട്ടർ വില്പന കണക്കുകൾ നോക്കിയാൽ ഏറ്റവും കൂടുതൽ വില്പന നേടിയത് ഒല ഇലക്ട്രിക് ആണ്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്.എ.ഡി.എ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 21,882 യൂണിറ്റ് ഒല ടൂ വീലർ ഏപ്രിലിൽ വിറ്റഴിച്ചു.
2022 ഏപ്രിലിൽ ഇത് 12,708 യൂണിറ്റായിരുന്നു. ഓല ഇലക്ട്രിക് ഇപ്പോൾ ഇന്ത്യയിലെ ഓഫ്‌ലൈൻ റീട്ടെയിൽ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
കമ്പനി രാജ്യത്തുടനീളം 500 സ്റ്റോറുകൾ ആരംഭിച്ചു, 2023 ആഗസ്റ്റ് 15 ഓടെ മൊത്തം 1,000 സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇതിലൂടെ വില്പന കൂട്ടാനും വിപണിയിൽ സ്ഥാനം ശക്തമാക്കാനും കമ്പനിക്ക് കഴിയും.
ടിവിഎസ് മോട്ടോഴ്‌സ് ആണ് കഴിഞ്ഞ മാസം വില്പനയിൽ രണ്ടാം സ്ഥാനത്ത്. ഏപ്രിലിൽ കമ്പനി ഐക്യൂബ് സ്‍കൂട്ടറിന്റെ 8,318 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,498 യൂണിറ്റുകൾ മാത്രം വിറ്റ സ്ഥാനത്താണ് ഈ കുതിപ്പ്.
ആദ്യ പാദത്തിൽ 39,677 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ കമ്പനി വിറ്റഴിച്ചതോടെ 2023ൽ ടിവിഎസിന്റെ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ വില്പനയും ഗണ്യമായ വളർച്ച കൈവരിച്ചു.
ആംപിയർ ഇവി ആണ് വില്പനയിൽ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം കമ്പനി 8,318 യൂണിറ്റുകൾ വിറ്റു. അതേസമയം 2022ൽ ഈ കാലയളവിൽ ഇത് 6,540 യൂണിറ്റായിരുന്നു. ഏഥർ എനർജി 7,746 ഇലക്ട്രിക് സ്‌കൂട്ടറുകളും ബജാജ് ഓട്ടോ 4,013 യൂണിറ്റുകളും ഹീറോ ഇലക്ട്രിക് 3,331 യൂണിറ്റുകളും ഏപ്രിലിൽ വിറ്റതായാണ് കണക്കുകൾ.
2023 ഏപ്രിൽ മാസത്തെ ഇലക്ട്രിക് ടൂ വീലർ വില്പന പട്ടികയിൽ ആദ്യ 10 സ്ഥാനത്തുള്ളവർ ഇവയാണ്.
ഒല ഇലക്ട്രിക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് – 21,882, ആംപയർ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് – 8,862, ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ് – 8,728, ആതർ എനർജി- 7,746, ബജാജ് ഓട്ടോ ലിമിറ്റഡ് – 4013, ഹീറോ ഇലക്ട്രിക് വെഹിക്കിൾസ്- 3,331, ഓക്കിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് – 3,216, ഒകായ ഇവി – 1,562, കൈനറ്റിക് ഗ്രീൻ എനർജി & പവർ സൊല്യൂഷൻസ് ലിമിറ്റഡ് – 848, ബിഗ്ഗൌസ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് – 770.