വൈദ്യുതവാഹന നിര്മാണരംഗത്ത് കുതിപ്പിനൊരുങ്ങുന്ന ഒല തമിഴ്നാട്ടില് 100 ഗിഗാവാട്ട് അവര് ശേഷിയുള്ള ഗിഗാഫാക്ടറിയുടെ നിര്മാണം തുടങ്ങി. പണി പൂര്ത്തിയാവുമ്പോള് രാജ്യത്തെ ഏറ്റവും വലിയ ഗിഗാഫാക്ടറിയായിരിക്കും ഇതെന്ന് ഒല അറിയിച്ചു.
വൈദ്യുത വാഹനങ്ങള്ക്കു വേണ്ട സെല്ലും ഘടകങ്ങളും നിര്മിക്കുന്ന സമുച്ചയത്തെയാണ് ഗിഗാഫാക്ടറി എന്നു വിളിക്കുന്നത്.
കൃഷ്ണഗിരി ജില്ലയില് 115 ഏക്കര് സ്ഥലത്താണ് ഫാക്ടറി നിര്മിക്കുന്നത്. അടുത്തവര്ഷം അഞ്ച് ഗിഗാവാട്ട് അവര് ശേഷിയുമായാണ് ഫാക്ടറി പ്രവര്ത്തനം തുടങ്ങുക. ഘട്ടംഘട്ടമായി അതിന്റെ ശേഷി 100 ഗിഗാവാട്ട് അവറായി വര്ധിപ്പിക്കും.
ഇലക്ട്രിക് കാറുകള്, ഇരുചക്ര വാഹനങ്ങള്, സെല് എന്നിവയുടെ നിര്മാണത്തിനായി 7614 കോടി രൂപയുടെ നിക്ഷേപം നടത്താന് തമിഴ്നാട് സര്ക്കാരുമായി കഴിഞ്ഞ ഫെബ്രുവരിയില് ഒല ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെല് ഫാക്ടറിയായിരിക്കും ഇതെന്നാണ് റിപ്പോര്ട്ടുകള്. ഇതിന്റെ പ്രവര്ത്തനം പൂര്ണതോതില് എത്തുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സെല് മാനുഫാക്ചറിങ്ങ് കമ്പനികളില് ഒന്നായി ഗിഗാ ഫാക്ടറി മാറുമെന്നാണ് വിലയിരുത്തല്.
അടുത്ത വര്ഷത്തോടെ ഇതിന്റെ പ്രവര്ത്തനം പൂര്ണതോതില് എത്തിക്കാന് കഴിയുമെന്നാണ് നിര്മാതാക്കള് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖലയിലെ ഏറ്റവും വലിയ നാഴികക്കല്ലായിരിക്കും ഒലയുടെ ഗിഗാ ഫാക്ടറി എന്നാണ് ഒലയുടെ സ്ഥാപകനും സി.ഇ.ഒയുമായി ഭവീഷ് അഗര്വാള് അഭിപ്രായപ്പെട്ടത്. ഇലക്ട്രിക് വാഹനങ്ങള് നിര്മിക്കുന്നതിനുള്ള ഘടകങ്ങള് പ്രദേശികമായി വികസിപ്പിച്ചെടുക്കുക എന്നതാണ് കമ്പനിയുടെ പ്രാഥമികമായ ലക്ഷ്യം.
സെല് ആന്ഡ് ബാറ്ററി റിസേര്ച്ച ആന്ഡ് ഡെവലപ്പ്മെന്റിനായി നിക്ഷേപം നടത്തുമെന്നും ആര് ആന്ഡ് ഡി സെന്റര് ബെംഗളൂരുവില് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും കാറുകളും ഇവയ്ക്കുള്ള ബാറ്ററികളും നിര്മിക്കുന്നതിനുള്ള സൗകര്യ വികസനത്തിനായി ഒല അടുത്തിടെ തമിഴ്നാട് സര്ക്കാരുമായി ധാരണയിലെത്തിയിരുന്നു.
ഇവിടെ ഒല ഒരു ഇലക്ട്രിക് വെഹിക്കിള് ഹബ്ബ് സ്ഥാപിക്കുമെന്നാണ് വിവരം. അഡ്വാന്സ്ഡ് സെല്ലുകളും, ഇലക്ട്രിക് വാഹനങ്ങള് നിര്മിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്നാണ് വിവരം.