
മുംബൈ: മംഗലാപുരം ആസ്ഥാനമായുള്ള പാപ്പരായ ജെബിഎഫ് പെട്രോകെമിക്കൽസിനെ ഏറ്റെടുക്കാൻ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെയും (ഒഎൻജിസി) ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും കൺസോർഷ്യം, ഗെയിൽ (ഇന്ത്യ), കൊൽക്കത്ത ആസ്ഥാനമായുള്ള എംസിപിഐ എന്നിവ ഔപചാരിക ബിഡ്ഡുകൾ സമർപ്പിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു..
അതേസമയം താൽപ്പര്യ പ്രകടനങ്ങൾ സമർപ്പിച്ച എച്ച്പിസിഎൽ-മിത്തൽ എനർജി കൺസോർഷ്യം, റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), ബിസി ജിൻഡാൽ ഗ്രൂപ്പിന്റെ ജിൻഡാൽ പോളി ഫിലിംസ് എന്നി മറ്റ് മൂന്ന് പേർ കെമിക്കൽസ് കമ്പനിക്കായി ഔപചാരിക ബിഡ്ഡുകൾ സമർപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ബാങ്കുകൾക്ക് നിലവിൽ മൂന്ന് ബിഡുകൾ ലഭിച്ചതായും. അവ ഇപ്പോൾ ബിഡിന്റെ ഗുണനിലവാരം സംബന്ധിച്ച വിലയിരുത്തൽ നടത്തുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ചയായിരുന്നു ബിഡ് സമർപ്പിക്കാനുള്ള അവസാന ദിവസം. കടബാധ്യതയിലുള്ള കെമിക്കൽസ് നിർമ്മാതാവിന്റെ ബാങ്കർമാർ കുടിശ്ശികയുള്ള വായ്പകളിൽ നിന്ന് മികച്ച വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നു.
ജെബിഎഫ് പെട്രോകെമിക്കൽസ് വായ്പ ദാതാക്കൾക്ക് കുടിശ്ശിക ഇനത്തിൽ നൽകാനായുള്ളത് മൊത്തം 463 മില്യൺ ഡോളറാണ്. അതിൽ ഐഡിബിഐ ബാങ്കാണ് കമ്പനിയുടെ മുൻനിര വായ്പ ദാതാവ്. ബാങ്കിന് കമ്പനി നൽകാനുള്ളത് 252 മില്യൺ ഡോളറാണ്. എക്‌സിം ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് മറ്റ് വായ്പക്കാർ.