
ഡൽഹി: ഒഎൻജിസി അതിന്റെ ഒന്നാം പാദ ഏകികൃത ലാഭത്തിൽ 251 ശതമാനം വർധന രേഖപ്പെടുത്തി, 15,205.85 കോടി രൂപയാണ് കമ്പനിയുടെ ഒന്നാം പാദ ലാഭം. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 4,334.75 കോടി രൂപയായിരുന്നു. പൊതുമേഖലാ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഏകദേശം 84 ശതമാനം വർധിച്ച് 42,321 കോടി രൂപയായി.
ജൂൺ പാദത്തിൽ ഒഎൻജിസിയുടെ പ്രവർത്തന മാർജിൻ 49.57 ശതമാനമായി മെച്ചപ്പെട്ടു. കമ്പനിയുടെ ഓഫ്‌ഷോർ വരുമാനം 27,990 കോടി രൂപയായിരുന്നപ്പോൾ ഓൺഷോർ വരുമാനത്തിൽ നിന്നുള്ള സംഭാവന 14,330 കോടി രൂപയായിരുന്നു. ഏകീകൃത അടിസ്ഥാനത്തിൽ ഒഎൻജിസിയുടെ ലാഭം ഏകദേശം ഇരട്ടിയായി 11,937 കോടി രൂപയായി.
കമ്പനിയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനം ഈ പാദത്തിൽ 1.9 ശതമാനം ഉയർന്ന് 5.494 എംഎംടി ആയപ്പോൾ മൊത്തം വാതക ഉൽപ്പാദനം 1.4 ശതമാനം വർധിച്ച് 5.383 ബിസിഎം ആയതായി ഒരു ബിഎസ്ഇ ഫയലിംഗിൽ ഒഎൻജിസി അറിയിച്ചു. ത്രൈമാസ ഫല പ്രഖ്യാപനത്തിന് മുന്നോടിയായി കമ്പനിയുടെ ഓഹരി 5 ശതമാനം ഉയർന്ന് 139.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.