ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരികയാണ്. യുപിഐ ആപ്പുകളിലെ ചെറിയ തുകയുടെ അക്കൗണ്ട് ട്രാന്‍സാക്ഷന്‍ മുതല്‍ സമ്പന്നരായ ആളുകളുടെ കോടികള്‍ വരെ ഇതില്‍പ്പെടുന്നു.
സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെ ഇക്കൂട്ടത്തില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ സ്വയം മുന്‍കരുതലുകളെടുക്കുക എന്നതാണ് പ്രധാനം. ഇനി എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയായതായിശ്രദ്ധയില്‍പ്പെട്ടാല്‍ ചുവടെപ്പറയുന്ന കാര്യങ്ങള്‍ ചെയ്തുവെന്ന് ഉറപ്പാക്കുക.
ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുക : ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടണം. കൃത്യമായ വിവരങ്ങള്‍ നല്‍കി അവരില്‍ നിന്ന് കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിക്കുക.
അക്കൗണ്ട് മരവിപ്പിക്കുക : നിങ്ങളുടെ പണം നഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ട് കൂടാതെ നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുക. ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യുക, സിം മാറ്റുക തുടങ്ങിയ സാധ്യതകളും പരിശോധിക്കുക.
പൊലീസിനെ വിവരം അറിയിക്കുക : പരാതി നല്‍കുന്ന സമയത്ത് നിങ്ങളുടെ കയ്യിലുള്ളതും, ബാങ്കില്‍ നിന്നും കിട്ടിയതുമായ വിവരങ്ങളും മറ്റു തെളിവുകളും പൊലീസിനെ ഏല്‍പ്പിക്കുക. സൈബര്‍ ക്രൈം സെല്ലിനെയും സമീപിക്കണം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലും പരാതി നല്‍കാവുന്നതാണ്.
ടു- ഫാക്ടര്‍ ഓതന്റിക്കേഷന്‍ : സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് മാത്രമല്ല, അവയേക്കാള്‍ പ്രധാനമായി സാമ്പത്തിക ആവശ്യങ്ങള്‍ക്കും ടു- ഫാക്ടര്‍ ഓതന്റിക്കേഷന്‍ സെറ്റ് ചെയ്യുക.
നിങ്ങളുടെ യുപി ഐ ഐഡി, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍, അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ തുടങ്ങിയവയെല്ലാം നിങ്ങളുടെ മാത്രം ഉത്തരവാദിത്വമായി സൂക്ഷിച്ച് ഉപയോഗിക്കുക.
അടുത്ത കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഇവ നല്‍കുന്നതിന് മുന്‍പ് പോലും പല തവണ ആലോചിക്കുക.