ബെംഗളൂരു: ഇന്ത്യയിലെ ഗെയിമിംഗ് കമ്പനികള്‍ക്ക് നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി ജിഎസ്ടി ഡയറക്ടറേറ്റ് ജനറല്‍ നോട്ടീസ് അയച്ചു. ഏകദേശം 1.5 ലക്ഷം കോടി രൂപ ചരക്ക് സേവന നികുതിയായി ഗെയിമിംഗ് കമ്പനികള്‍ അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
യുണികോണ്‍ പദവിയുള്ള ഗെയിമിംഗ് കമ്പനികളായ ഗെയിമിംഗ് കമ്പനികളായ ഡ്രീം11, ഗെയിംസ് 24X7 എന്നിവയ്ക്ക് ജി.എസ്.ടി വകുപ്പ് മുന്‍കൂര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
മറ്റൊരു യൂണികോണ്‍ കമ്പനിയായ എം.പി.എല്ലിന് അടുത്തയാഴ്ച നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന. 100 കോടി ഡോളര്‍ നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെയാണ് (ഏകദേശം 8,300 കോടി രൂപ) യൂണികോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ഡ്രീം11ന് 25,000 കോടി രൂപയ്ക്കും 40,000 രൂപയ്ക്കുമിടയിലാണ് നികുതി നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഗെയിംസ് 24X7ന് 20,000 കോടിയും. നോട്ടീസ് അയച്ചതിനെ തുര്‍ന്ന് ലിസ്റ്റഡ് കമ്പനികളായ നസാറ ടെക്‌നോളജീസ്, ഡെല്‍റ്റ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിലയും ഇടിഞ്ഞിരുന്നു.
16,500 കോടി രൂപയുടെ നികുതി നോട്ടീസാണ് ഡെല്‍റ്റ കോര്‍പ്പറേഷന് ലഭിച്ചത്.
ഇത്രയും ഭീമമായ നികുതി ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് യുക്തിസഹമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസിനെതിരെ ഈ കമ്പനികള്‍ കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലുമാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗെയിംസ്‌ക്രാഫ്റ്റിന് 21,000 കോടി രൂപയുടെ റിക്കവറി നോട്ടീസും നികുതി വകുപ്പ് അയച്ചിരുന്നു. ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഹെഡ് ഡിജിറ്റല്‍ വര്‍ക്ക്‌സ് എന്ന കമ്പനിക്ക് 5,000 കോടി രൂപയുടെ ടാക്‌സ് നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടു കൂടി കൂടുതല്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയേക്കും.
രാജ്യത്തെ എല്ലാ ഗെയിമിംഗ് കമ്പനികളും ചേര്‍ന്ന് മൊത്തം 1.5 ലക്ഷം കോടി രൂപയോളം നികുതി വകുപ്പിന് നല്‍കാനുണ്ടെന്നാണ് കണക്കാക്കുന്നത്. കുടിശികയായ നികുതിയുടെ 20 ശതമാനമെങ്കിലും തുടക്കത്തില്‍ ഗെയിമിംഗ് കമ്പനികള്‍ അടച്ചേക്കുമെന്നാണ് നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.
നികുതി അടയ്ക്കാത്ത കമ്പനി ഉടമകള്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നയിക്കപ്പെട്ടേക്കാം.
ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് 28 ശതമാനം നികുതി ചുമത്താന്‍ കഴിഞ്ഞ ജൂലൈയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഒന്നുമുതലാണ് ഇത് നിലവില്‍ വരുന്നത്.