മുംബൈ: സമ്പൂര്‍ണ വാണിജ്യബാങ്കായി മാറാനുള്ള ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹത നേടി എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്.
11 ചെറുകിട ധനകാര്യ ബാങ്കുകളില്‍ എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാത്രമാണ് ഈ ലൈസന്‍സിന് അര്‍ഹത നേടാന്‍ റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ആസ്തി ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കുന്നത്.
എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 12,560 കോടി രൂപയുടെ ആസ്തിയുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്ക് ലാഭമുണ്ടാക്കി. മാത്രമല്ല ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും യഥാക്രമം 3 ശതമാനത്തിനും ഒരു ശതമാനത്തിനും കുറവാണ്. വിവിധ തരം വായ്പകളും ബാങ്ക് നല്‍കിവരുന്നുണ്ട്.
ഏപ്രില്‍ ഒന്നു മുതല്‍ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായുള്ള ലയനത്തെത്തുടര്‍ന്ന് എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് 1.25 ലക്ഷം കോടി രൂപയായും മൊത്തം ആസ്തി ഏകദേശം 15,000 കോടി രൂപയായും വളര്‍ന്നു. 2,382 ശാഖകളിലൂടെ ഏകദേശം ഒരു ലക്ഷം ഉപഭോക്താക്കള്‍ക്കാണ് ബാങ്ക് സേവനം നല്‍കുന്നത്.
പരമ്പരാഗത ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വിപുലമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനത്തെ അനുവദിക്കുന്ന ഒന്നാണ് യൂണിവേഴ്‌സല്‍ ബാങ്കിംഗ് ലൈസന്‍സ്.
വാണിജ്യ ബാങ്കിംഗ് (നിക്ഷേപവും വായ്പയും എടുക്കല്‍), അസറ്റ് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, മറ്റ് അനുബന്ധ സാമ്പത്തിക സേവനങ്ങള്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ ലൈസന്‍സ് സ്ഥാപനത്തെ അനുവദിക്കുന്നു.
റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ലിസ്റ്റുചെയ്ത ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് മാത്രമേ യൂണിവേഴ്‌സല്‍ ബാങ്കിംഗ് ലൈസന്‍സിന് യോഗ്യത നേടാനാകൂ.
ഈ ലൈസന്‍സ് ലഭിക്കുന്നതിന് കുറഞ്ഞത് 1,000 കോടി രൂപയുടെ ആസ്തിയും അഞ്ച് വര്‍ഷത്തെ തൃപ്തികരമായ ട്രാക്ക് റെക്കോര്‍ഡുള്ള ഷെഡ്യൂള്‍ഡ് സ്റ്റാറ്റസും ഉണ്ടായിരിക്കണം.
കൂടാതെ മൊത്ത നിഷ്‌ക്രിയ ആസ്തി 3 ശതമാനത്തിനും അറ്റ നിഷ്‌ക്രിയ ആസ്തി ഒരു ശതമാനതത്തിലും താഴെയുമായിരിക്കണം.
വൈവിധ്യമാര്‍ന്ന വായ്പാ പോര്‍ട്ട്ഫോളിയോയും ഇത്തരം ബാങ്കുകള്‍ക്ക് വേണം.
ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ ഉജ്ജീവന്‍, ഉത്കര്‍ഷ്, ഇസാഫ് തുടങ്ങിയ ചെറുകിട ബാങ്കുകള്‍ക്ക് യൂണിവേഴ്‌സല്‍ ബാങ്കിംഗ് ലൈസന്‍സിന് അര്‍ഹത നേടാനായിട്ടില്ല.