മുംബൈ: മഹീന്ദ്ര ഗ്രൂപ്പിന്റെ റിന്യൂവബിൾ എനർജി പ്ലാറ്റ്‌ഫോമായ മഹീന്ദ്ര സസ്റ്റണിന്റെ 30 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് അറിയിച്ച് കനേഡിയൻ ഫണ്ടായ ഒന്റാറിയോ ടീച്ചേഴ്‌സ് പെൻഷൻ പ്ലാൻ ബോർഡ്. 2,371 കോടി രൂപയ്‌ക്കാണ് ഓഹരി ഏറ്റെടുക്കുന്നത്.
ഇടപാടിന്റെ ഭാഗമായി സ്ഥാപനം ഒരു ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഇൻവിറ്റ്) സ്ഥാപിക്കും. ഏകദേശം 1.54 ജിഗാവാട്ട് ശേഷിയുള്ള മഹീന്ദ്ര സസ്റ്റന്റെ പുനരുൽപ്പാദിപ്പിക്കാവുന്ന പവർ അസറ്റുകൾ ഉൾക്കൊള്ളാനാണ് ഇൻവിറ്റ് രൂപീകരിക്കുന്നത്. നിർദിഷ്ട ഇടപാടിന്റെ ഭാഗമായി മഹീന്ദ്ര സസ്റ്റന് 575 കോടി രൂപയുടെ ഓഹരി ഉടമകളുടെ വായ്പ തിരിച്ചടയ്ക്കും.
അതേസമയം ഈ ഇടപാടിലൂടെ തങ്ങൾക്ക് ഏകദേശം 1,300 കോടി രൂപ ലഭിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ മഹീന്ദ്ര ഗ്രൂപ്പും ഒന്റാറിയോ ടീച്ചേഴ്‌സും സംയുക്തമായി 2023 മെയ് 31-നകം മഹീന്ദ്ര സസ്‌റ്റനിലെ 9.99 ശതമാനം അധിക ഓഹരികൾ വിൽക്കും.
ഇടപാടിന്റെ ഫലമായി, സൗരോർജ്ജം, ഹൈബ്രിഡ് ഊർജ്ജം, സംയോജിത ഊർജ്ജ സംഭരണം, ആർടിസി ഗ്രീൻ എനർജി പ്ലാന്റുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ ഒരു പുനരുപയോഗ ഊർജ്ജ ബിസിനസ്സ് നിർമ്മിക്കാൻ മഹീന്ദ്ര സസ്റ്റന് കഴിയും. ഈ ഇടപാടിൽ അവെൻഡസ് കാപ്പിറ്റലാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചത്.