ന്യൂഡല്‍ഹി: എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കയാണ് സൗദി അറേബ്യയും മറ്റ് ഒപെക് + അംഗങ്ങളും. 1.16 ദശലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക. അപ്രതീക്ഷിത നീക്കം എണ്ണവില വര്‍ധിപ്പിക്കുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്യും.
നീക്കം അഭികാമ്യമായില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രതികരിച്ചു. ഒപെക് + വെട്ടിക്കുറച്ചതിന്റെ ആകെ അളവ് ആഗോള ആവശ്യത്തിന്റെ 3.7% ആണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് + മിനിസ്റ്റീരിയല്‍ പാനലിന്റെ വെര്‍ച്വല്‍ മീറ്റിംഗിന് ഒരു ദിവസം മുമ്പാണ് തീരുമാനം.
2023 അവസാനം വരെ ഇതിനകം 2 ദശലക്ഷം ബിപിഡി ഉത്പാദനക്കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഗോള ബാങ്കിംഗ് പ്രതിസന്ധി ഡിമാന്‍ഡിനെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് കഴിഞ്ഞ മാസം എണ്ണവില ബാരലിന് 70 ഡോളറായി കുറഞ്ഞു. 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
അതുകൊണ്ടുതന്നെ വിലക്കുറവ് തടഞ്ഞുനിര്‍ത്താനാണ് ഒപെക് പ്ലസ് നീക്കമെന്ന് കരുതുന്നു. ഉത്പാദനക്കുറവ് എണ്ണവില ബാരലിന് 10 ഡോളര്‍ ഉയര്‍ത്തുമെന്ന് നിക്ഷേപ സ്ഥാപനമായ പിക്കറിംഗ് എനര്‍ജി പാര്‍ട്ണേഴ്സ് മേധാവി പറഞ്ഞു. ബ്രെന്റ് ഓയില്‍ 4.76 ശതമാനം ഉയര്‍ന്ന് ബാരലിന് 83.69 ഡോളറിലും ഡബ്ല്യുടിഐ (വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്) 4.76 ശതമാനം ഉയര്‍ന്ന് 79.27 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.