
ന്യൂഡൽഹി: ഏപ്രിൽ മാസം മുതല്‍ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ച് ഒപെക് പ്ലസ്. 2022 ന് ശേഷം ആദ്യമായാണ് വർധനവ് വരുത്താനുളള നീക്കം നടക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപെക്കിനും സൗദി അറേബ്യയ്ക്കും മേൽ എണ്ണ വില കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയ തുടർന്നാണ് ഉല്‍പ്പാദനം കൂട്ടാനുളള തീരുമാനത്തിലെത്തിയിരിക്കുന്നത്.
ഒപെകിന്റെ തീരുമാനത്തെ തുടര്‍ന്ന് എണ്ണവില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. അസംസ്കൃത എണ്ണവില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലും എത്തി. യുഎസ് എണ്ണവില ബാരലിന് 68.37 ഡോളറില്‍ തിങ്കളാഴ്ച എത്തിയിരുന്നു.
അതേസമയം എണ്ണ വിലയില്‍ കുറവുണ്ടാകുമ്പോള്‍ ചില്ലറ വില്‍പ്പനയിലും കുറവുണ്ടാകുമെന്നാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ അറിയിച്ചിരുന്നത്. മാത്രമല്ല പ്രമുഖ എണ്ണ കമ്പനികളെല്ലാം മികച്ച ലാഭമാണ് കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലാഭമായി 10,909 കോടി രൂപ നേടിയപ്പോള്‍ ഭാരത് പെട്രോളിയം 13,734 കോടി രൂപയാണ് സ്വന്തമാക്കിയത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 6,030 കോടി രൂപയാണ്.
അവസാനം കുറച്ചത് കഴിഞ്ഞ മാര്‍ച്ചില്‍
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2024 മാര്‍ച്ച് 15 നാണ് രാജ്യത്ത് എണ്ണ വില അവസാനമായി കുറച്ചത്.
മാര്‍ച്ചില്‍ എണ്ണ വില ബാരലിന് 87 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടു രൂപയുടെ കുറവാണ് എണ്ണ കമ്പനികള്‍ വരുത്തിയത്.
ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില 70 ഡോളറിലെത്തി നില്‍ക്കുമ്പോഴും പെട്രോള്‍, ഡീസല്‍ ചില്ലറ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയാറായിട്ടില്ല. എണ്ണ കമ്പനികള്‍ മികച്ച ലാഭം നേടുമ്പോഴും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുന്ന സാഹചര്യം ഉണ്ടാകുമ്പോഴും ഇതിന്റെ ഗുണം ഉപയോക്താക്കള്‍ കൈമാറാന്‍ എണ്ണ കമ്പനികള്‍ വിമുഖത കാണിക്കുകയാണ്.
ഭാരം സാധാരണക്കാരന്റെ ചുമലില്‍
ഒപെക് പ്ലസിന്റെ തീരുമാനത്തോടെ അടുത്ത മാസം മുതല്‍ എണ്ണ ഉല്‍പ്പാദനം കൂടുന്നത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും അമിത വില കടുത്ത സാമ്പത്തിക ഭാരമാണ് സാധാരണക്കാരടക്കം സമസ്ത മേഖലയിലുളള ജനങ്ങളുടെയും ചുമലില്‍ വീഴ്ത്തുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിന്റെ മെച്ചം സാധാരണക്കാരന് നല്‍കാന്‍ ഇനിയും എണ്ണ കമ്പനികള്‍ വിമുഖത കാണിക്കുരുതെന്ന അഭിപ്രായം ശക്തമാകുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ എണ്ണ വില ബാരലിന് 70.97 ഡോളറിലാണ് വ്യാപാരം പുരോഗമിച്ചത്.