ദുബായ്: വിദഗ്ധർ പ്രവചിച്ചതുപോലെ തന്നെ ഉൽപ്പാദന നിയന്ത്രണം നീട്ടി ഒപെക്ക് പ്ലസ്. ആഗോള ഡിമാൻഡ്, ഉയർന്ന പലിശനിരക്കുകൾ, യുഎസ് ഉൽപ്പാദനം എന്നിവ കണക്കിലെടുത്താണ് ഉൽപ്പാദന നിയന്ത്രണം മൂന്നാം പാദത്തിലും തുടരാൻ എണ്ണ കൂട്ടായ്മ തീരുമാനിച്ചത്.
അതേസമയം ഈ നിയന്ത്രണങ്ങൾ 2025 ഓടെ ഘട്ടംഘട്ടമായി നിർത്താനും ഒപെക്ക് പ്ലസ് യോഗത്തിൽ ധാരണയായി. പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചതു പോലെ തന്നെ ഭവിച്ചതോടെ വിപണികളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല. എന്നാൽ 2025 ൽ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള അപ്രതീക്ഷിത നീക്കം എണ്ണയെ വീണ്ടും സമ്മർദത്തിലാക്കി.
നിലവിൽ ആഗോള എണ്ണവില 80 ഡോളറിനു തൊട്ടരികെയാണ് നീങ്ങൂന്നത്. മാസങ്ങൾക്കു ശേഷമാണ് ആഗോള ക്രൂഡ് വില 80 ഡോളറിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ മാസം ക്രൂഡ് വില 92 ഡോളർ വരെ ഉയർന്നിരുന്നു.
നിലവൽ ബ്രെന്റ് ക്രൂഡ് ബാരലിന് 80.83 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 76.75 ഡോളറുമാണ്. നിലവിലെ എണ്ണവില ഒപെക്ക് പ്ലസ് അംഗങ്ങളുടെ ബജറ്റ് സന്തുലിതമാക്കാൻ ആവശ്യമായതിനേക്കാൾ താഴെയാണ്.
വികസിത സമ്പദ്വ്യവസ്ഥകളിലെ എണ്ണ സ്റ്റോക്കുകൾ ഉയരുന്നതും, മുൻനിര എണ്ണ ഇറക്കുമതിക്കാരായ ചൈനയിലെ ഡിമാൻഡ് വളർച്ച കുറഞ്ഞതും വലിയ ആശങ്കയാണ്.
ഇതേത്തുടർന്നാണ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനും, റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും ഉൾപ്പെടുന്ന ഒപെക്ക് പ്ലസ് 2022 അവസാനം മുതൽ ഉൽപ്പാദനം വെട്ടിക്കുറച്ചു തുടങ്ങിയത്.
ഒപെക് + അംഗങ്ങൾ നിലവിൽ പ്രതിദിനം മൊത്തം 5.86 ദശലക്ഷം ബാരൽ (ബിപിഡി) അല്ലെങ്കിൽ ആഗോള ഡിമാൻഡിന്റെ 5.7% ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. ഇനിയും ഉൽപ്പാദനം വെട്ടിക്കുറയ്്ക്കുന്നത് ചില ചെറു ഉൽപ്പാദക രാജ്യങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിഗമനമാണ് നിലവിലെ നിയന്ത്രണം അതേപടി തുടരാനും, അടുത്ത വർഷത്തോടെ നിലവിലെ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ കൂട്ടായ്മയെ പ്രേരിപ്പിക്കുന്നത്.
നിലവിലെ വെട്ടിക്കുറയ്ക്കലിൽ 2 ശദലക്ഷം ബിപിഡി എല്ലാ ഒപെക് + അംഗങ്ങളും ചേർന്നുള്ളതാണ്. ഇതിനു പുറമേ ആദ്യ റൗണ്ടിൽ ഒമ്പത് അംഗങ്ങൾ 1.66 ദശലക്ഷം ബിപിഡി സ്വമേധയാ വെട്ടിക്കുറയ്ക്കലും, എട്ട് അംഗങ്ങൾ രണ്ടാം റൗണ്ടിൽ 2.2 ദശലക്ഷം ബിപിഡി നിയന്ത്രണങ്ങളും സമ്മിതിച്ചിരുന്നു. ഇതാണ് നിലവിൽ മൂന്നാംഘട്ടത്തിലേയ്ക്കു കടത്തിവിട്ടിരിക്കുന്നത്.
അൾജീരിയ, ഇറാഖ്, കസാക്കിസ്ഥാൻ, കുവൈറ്റ്, ഒമാൻ, റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഗാബോൺ എന്നിവയാണ് രണ്ടാം റൗണ്ടിൽ സ്വമേധയാ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ സമ്മതിച്ച രാജ്യങ്ങൾ. ഇതിൽ ഗാബോൺ ഒഴികെ ബാക്കി എല്ലാവരും മൂന്നാം പാദത്തിലും നിയന്ത്രണങ്ങൾ തുടരും.
2025-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് 3.5 ദശലക്ഷം ബിപിഡി എന്ന ഉയർന്ന പ്രൊഡക്ഷൻ ക്വാട്ട അനുവദിക്കാനും ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്. നിലവിൽ ഇത് 2.9 ദശലക്ഷം ബാരലാണ്. ഗ്രൂപ്പിന്റെ അടുത്ത യോഗം 2024 ഡിസംബർ 1-നാണ്.