ഒരിടവേളയ്്ക്കു ശേഷം ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 73.16 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 70.51 ഡോളറിലുമാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഇസ്രായേലിന്റെ പ്രത്യാക്രമണം ഇറാന്‍ എണ്ണ കേന്ദ്രങ്ങളില്‍ നിന്നു അകന്നുനിന്നതോടെ ആഗോള എണ്ണവില കഴിഞ്ഞ ദിവസങ്ങളില്‍ കൂപ്പുകുത്തിയിരുന്നു. ഡിമാന്‍ഡ് ആശങ്കകള്‍ ശക്തമായി നിലനിന്നതും ഇതിനു കാരണമായി.
അതേസമയം നിലവിലെ സാഹചര്യത്തില്‍ എണ്ണ കൂട്ടായ്മയായ ഒപെക്ക് പ്ലസ് ഡിസംബര്‍ യോഗത്തില്‍ വില ഉയര്‍ത്തുന്നതിനായി ശക്തമായ നടപടികള്‍ കൈക്കൊണ്ടേക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രഖ്യാപിത ഉല്‍പ്പാദന വര്‍ധന അടുത്ത വര്‍ഷത്തേയ്ക്കു നീങ്ങുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇപ്പോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ വില വീണ്ടും കൂപ്പുകുത്തുമെന്ന വിലയിരുത്തലാണ് അംഗങ്ങള്‍ക്കുള്ളത്.
ഒപെക്ക് പ്ലസിന്റെ ഉല്‍പ്പാദന നയം എന്തായിരിക്കുമെന്ന ആശങ്ക വ്യാപാരികളെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ബുധനാഴ്ച പുറത്തുവന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് 30 വ്യാപാരികളില്‍ 16 പേരും ഒപെക് പ്ലസിന്റെ ആസൂത്രിത ഉല്‍പ്പാദന വര്‍ധന ഉണ്ടാകില്ലെന്ന നിലപാട് വ്യക്തമാക്കി.
ഗ്രൂപ്പിലെ പ്രധാനികളായ സൗദി ഉല്‍പ്പാദന നിയന്ത്രണം കടുപ്പിച്ചേക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. എണ്ണവില ഉയര്‍ത്തുക മാത്രമായിരിക്കും കാര്‍ട്ടലിന്റെ പ്രഥമ ലക്ഷ്യം.
അതേസമയം ചെറു ഉല്‍പ്പാദകരെ സംബന്ധിച്ച് തുടര്‍ച്ചയായ ഉല്‍പ്പാദന നിയന്ത്രം വരുമാനത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ചൈനയുടെ മെല്ലെപ്പോക്കും, ആഗോള വിപണിയിലെ പണപ്പെരുപ്പവുമാണ് നിലവില്‍ എണ്ണയെ സ്വാധീനിക്കുന്ന വലിയ ഘടകങ്ങള്‍.
ചൈന ഉത്തേജക നടപടികള്‍ സ്വീകരിച്ചിട്ടും തിരിച്ചുവരവ് വൈകുന്നു. ഒപെക്ക് അതിന്റെ എണ്ണ ഡിമാന്‍ഡ് ലക്ഷ്യങ്ങള്‍ വീണ്ടും താഴത്തിയെന്നതും ശ്രദ്ധേയമാണ്.
ഒപെക്ക് പ്ലസിന്റെ പ്രധാന യോഗം ഡിസംബറിലാണ് നടക്കേണ്ടത്. എന്നാല്‍ നവംബറും എണ്ണ വിപണിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. എല്ലാ കണ്ണുകളും നവംബര്‍ 12 ല്‍ ആണ്.
ഒപെക്കിന്റെ അടുത്ത പ്രതിമാസ എണ്ണ വിപണി റിപ്പോര്‍ട്ടും, സൗദിയുടെ ഔദ്യോഗിക വില്‍പ്പന വില പ്രഖ്യാപനവും ഈ ദിവസത്തെ സവിശേഷമാക്കുന്നു. ഡിസംബര്‍ യോഗത്തിന്റെ പ്രധാന അജണ്ടയിലേയ്ക്കും ഈ റിപ്പോര്‍ട്ട് വെളിച്ചം വീശിയേക്കും.
ആഗോള എണ്ണവില താഴ്ന്നിരിക്കുന്നുവെങ്കിയും രാജ്യത്ത് അടുത്തൊന്നും ഇന്ധനവിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ആഗോള വിപണികളിലെ അസ്ഥിരത മാത്രമല്ല ഇതിനു കാരണം, ഏറ്റവും പുതിയ പാദ ഫലങ്ങളില്‍ എണ്ണക്കമ്പനികള്‍ വന്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്.
മുന്‍ മാസങ്ങളിലെ മാര്‍ജിന്‍ നഷ്ടങ്ങളാണ് ഇനിതു കാരണം. അതിനാല്‍ തന്നെ പെട്രോള്‍- ഡീസല്‍ വിലയില്‍ ഉടന്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടതില്ല.