ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. ഓപ്പണ്‍ എഐയില്‍ 1300 കോടി ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റിനുള്ളത്.
ഓപ്പണ്‍ എഐയുടെ സാങ്കേതിക വിദ്യാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണ മൈക്രോസോഫ്റ്റ് നല്‍കിവരുന്നുണ്ട്. അതിനുള്ള പ്രതിഫലമെന്നോണം ഓപ്പണ്‍ എഐയുടെ എഐ സാങ്കേതിക വിദ്യകള്‍ മൈക്രോസോഫ്റ്റിന് തങ്ങളുടെ വിവിധ ഉല്പന്നങ്ങളില്‍ ഉപയോഗിക്കാനുമാവുന്നു.
എന്നാല്‍ ഈ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇരു കമ്പനികളും പുതിയൊരു വമ്പന്‍ പദ്ധതിയ്ക്കിറങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റും ഓപ്പണ്‍ എഐയും ചേര്‍ന്ന് ‘സ്റ്റാര്‍ഗേറ്റ്’ എന്നപേരില്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന് ദി ഇന്‍ഫര്‍മേഷന്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ചുരുങ്ങിയത് 10,000 കോടി ഡോളറിന്റെ പദ്ധതിയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത ആറ് വര്‍ഷക്കാലം കൊണ്ട് സ്റ്റാര്‍ഗേറ്റ് ഉള്‍പ്പടെ സൂപ്പര്‍ കംപ്യൂട്ടറുകളുടെ ഒരു നിര തന്നെയാണ് കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. അതില്‍ ഏറ്റവും വലിയ പദ്ധതിയാണ് സ്റ്റാര്‍ഗേറ്റ്. 2028 ഓടുകൂടി സ്റ്റാര്‍ഗേറ്റ് യാഥാര്‍ത്ഥ്യമാവുമെന്നാണ് വിവരം.
എഐ ചിപ്പുകള്‍ വാങ്ങുന്നതാണ് പദ്ധതിയിലെ ഏറ്റവും ചിലവേറിയ കാര്യം. അത് തന്നെയാണ് സൂപ്പര്‍ കംപ്യൂട്ടര്‍ പദ്ധതിയുടെ ഏറ്റവും സങ്കീര്‍ണമായ ഘടകവും. ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ അഥവാ ജിപിയു ചിപ്പുകള്‍ ഉപയോഗിച്ചാണ് എഐ സാങ്കേതിക വിദ്യകളുടെ വികസനവും പരിശീലനവും പ്രവര്‍ത്തനവും നടക്കുന്നത്.
എന്നാല്‍ ആഗോള തലത്തില്‍ എഐ സാങ്കേതിക രംഗം സജീവമായതോടെ എഐ ചിപ്പുകള്‍ക്ക് വലിയ ക്ഷാമം നേരിടുകയാണ്.
വിപണിയില്‍ ഏറ്റവും മുന്‍നിരയിലുള്ള ശക്തിയേറിയ എഐ ചിപ്പുകള്‍ നിര്‍മിക്കുന്ന കമ്പനി എന്‍വിഡിയയാണ്. എന്‍വിഡിയയെയാണ് മുന്‍നിര കമ്പനികളെല്ലാം എഐ ചിപ്പിനായി ആശ്രയിക്കുന്നത്.
ആവശ്യക്കാരേറെയുള്ളതിനാല്‍ ചിപ്പുകളുടെ വിതരണത്തില്‍ എന്‍വീഡിയയും പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കാരണത്താല്‍ ചിപ്പുകളുടെ വിലയും വര്‍ധിക്കുന്നു.