
എഐ മോഡലുകള്‍ക്ക് മേലുള്ള സെൻസർഷിപ്പ് നിയന്ത്രണങ്ങള്‍ മയപ്പെടുത്തി ഓപ്പണ്‍ എഐ. ഉപഭോക്താക്കളുടെ ആവിഷ്കാര സ്വാതന്ത്ര്യം മുൻനിർത്തിയാണ് ഓപ്പണ്‍ എഐ നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയത്.
ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ എത്ര വെല്ലുവിളി നിറഞ്ഞതും വിവാദങ്ങള്‍ നിറഞ്ഞതുമാണെങ്കിലും അതില്‍ ഓപ്പണ്‍ എഐയുടെ എഐ മോഡലുകള്‍ ഉത്തരം നല്‍കും. ആളുകള്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനും സംവാദത്തിനും സൃഷ്ടികള്‍ക്കും അവസരം നല്‍കുക എന്നതാണ് ഓപ്പണ്‍ എഐ ഇതിലൂടെ ഉദ്ദേശിക്കുന്നത്.
വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന ഉള്ളടക്കങ്ങളും മറ്റും നല്‍കും എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പകരം രാഷ്ട്രീയപരമായും സാംസ്കാരികപരമായും വൈകാരികമായ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് പ്രത്യേകം അജണ്ടയൊന്നുമില്ലാതെ എഐ മോഡലുകള്‍ കൂടുതല്‍ ബുദ്ധിപൂർവം മറുപടി നല്‍കും എന്ന് ഓപ്പണ്‍ എഐ ഈ നയമാറ്റത്തെ വിശദീകരിക്കുന്നു.
എഐ മോഡലുകള്‍ ഉപഭോക്താവിനോ മറ്റുള്ളവർക്കോ യാതൊരു ദോഷവും വരുത്താതിരിക്കുന്നിടത്തോളം (ഭീകരവാദ പ്രവർത്തനങ്ങള്‍ പോലുള്ളവ) ഏത് വിഷയത്തിലും പരിധിയില്ലാതെ ചർച്ച നടത്താൻ എഐ മോഡലുകള്‍ക്കാവുമെന്ന് ഓപ്പണ്‍ എഐ പറഞ്ഞു.
ഡോണാള്‍ഡ് ട്രംപ് ഭരണകൂടം അധികാരത്തില്‍ വന്നതിന് പിന്നാലെ മെറ്റ, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്ബനികള്‍ നയം മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓപ്പണ്‍ എഐയും സമാനമായ പ്രഖ്യാപനവുമായെത്തുന്നത്.