ഗൂഗിള് എഐ വിദഗ്ദരെ ആകര്ഷിക്കാന് വന് തുക വാഗ്ദാനം ചെയ്ത് ചാറ്റ് ജിപിടി നിര്മാതാക്കളായ ഓപ്പണ് എഐ. ഒരു കോടി ഡോളര് വരെയുള്ള പാക്കേജ് ആണ് ഓപ്പണ് എഐ വാഗ്ദാനം ചെയ്യുന്നത്.
ഗൂഗിളിന്റെ എഐ വിഭാഗത്തിലെ മുന് നിര ജീവനക്കാരെയാണ് ഓപ്പണ് എഐ സ്വന്തമാക്കാന് ശ്രമിച്ചുവരുന്നത്. വന് തുക ശമ്പളവും, ലാഭകരമായ നഷ്ടപരിഹാര പാക്കേജുകളും അതില് ഉള്പ്പെടുന്നു.
ഒപ്പം എഐ പരീക്ഷണങ്ങള്ക്കായി എഐ ആക്സിലേറ്റര് ചിപ്പ് ഉള്പ്പടെയുള്ള സൗകര്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഗൂഗിളില് നിന്നും മെറ്റയില് നിന്നും ഓപ്പണ് എഐ മുമ്പും വിദഗ്ദരെ നിയമിച്ചിട്ടുണ്ട്.
ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഗൂഗിളിലും മെറ്റയിലും മുമ്പ് ജോലി ചെയ്തിരുന്ന 93 പേരെ ഓപ്പണ്എഐ കൊണ്ടുവന്നിട്ടുണ്ട്. ഇതില് 59 എണ്ണം ഗൂഗിളില് നിന്നുള്ളവരും 34 എണ്ണം മെറ്റയില് നിന്നുള്ളവരുമാണ്.
സൂപ്പര് അലൈന്മെന്റ് ടീമിലേക്കായി റിസര്ച്ച് എഞ്ചിനീയര്ക്ക് വേണ്ടിയുള്ള പരസ്യമാണ് ഓപ്പണ് എഐ പങ്കുവെച്ചിരിക്കുന്നത്.
ഇവര്ക്ക് 2.45 ലക്ഷം ഡോളര് മുതല് 4.50 ലക്ഷം ഡോളര് വരെ വാര്ഷിക ശമ്പളമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ആകര്ഷകമായ മറ്റ് ആനുകൂല്യങ്ങളും ഒപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗൂഗിള്, മെറ്റ ഉള്പ്പടെ വന് കിട കമ്പനികള് മത്സര രംഗത്തുള്ള മേഖലയാണ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്. ചാറ്റ് ജിപിടിയിലൂടെയും അനുബന്ധ ഉല്പന്നങ്ങളിലൂടെയും ഓപ്പണ് എഐ ഈ രംഗത്ത് മുന്പന്തിയിലുണ്ട്.
അടുത്തിടെ ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് എഐയും പുതിയ ഉല്പന്നവുമായി രംഗത്തുവന്നിട്ടുണ്ട്.