ബെംഗളൂരു: ബിസിനസ്-ടു-ബിസിനസ് നിയോബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഓപ്പണിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് തത്വത്തില്‍ ലഭ്യമായി. 2017 ല്‍ മലയാളികളായ അനീഷ് അച്യുതന്‍, അജീഷ് അച്യുതന്‍, മാബേല്‍ ചാക്കോ, ദീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഓപ്പണ്‍, ഓട്ടോമേറ്റഡ് അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എക്‌സ്‌പെന്‍സ് മാനേജ്‌മെന്റ്, കോംപ്ലിയന്‍സ്, പേറോള്‍ തുടങ്ങിയ ബിസിനസ്സ് കറന്റ് അക്കൗണ്ടും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ചെറുകിട, ഇടത്തരം ബിസിനസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സര്‍മാര്‍ എന്നിവരാണ് ക്ലയ്ന്റുകള്‍.
മിക്ക ഫിന്‍ടെക്കുകളെയും പോലെ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുമായി ചേര്‍ന്ന് ഒരു ടെക് പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുകയാണ് ഓപ്പണ്‍. മാത്രമല്ല, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിക്കാന്‍ ഫിന്‍ടെക്, നോണ്‍ഫിന്‍ടെക് കമ്പനികളെ പ്രാപ്തമാക്കുന്ന ഒരു എന്‍ഡ്ടുഎന്‍ഡ് എംബഡഡ് ഫിനാന്‍സ് പ്ലാറ്റ്‌ഫോമും ഡിജിറ്റല്‍ ബാങ്കിംഗ് പരിഹാരങ്ങള്‍ ആരംഭിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കായി ഒരു ക്ലൗഡ്‌നേറ്റീവ് ഫിന്‍ടെക് ഓപ്പറേറ്റിംഗ് സിസ്റ്റവും ഇവര്‍ക്കുണ്ട്. യഥാക്രമം, സ്വിച്ച്, ബാങ്കിംഗ് സ്റ്റാക്ക് എന്ന പേരിലാണ് ഇവയുള്ളത്.
നേരത്തെ ഇന്ത്യയിലെ നൂറാമത്തെ യൂണികോണായി മാറാന്‍ ഓപ്പണിനായിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) പിന്തുണയോട് കൂടി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് സീരീസ് ഡിഎഫണ്ടിംഗ് റൗണ്ടില്‍ 50 മില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായ ഐഐഎഫ്എല്‍ ഫിനാന്‍സാണ് കമ്പനിയില്‍ നിക്ഷേപമിറക്കിയത്
ഉപഭോക്താക്കളില്‍ നിന്ന് വിവിധ പേയ്‌മെന്റ് സ്വീകരിക്കാന്‍ ഇ കൊമേഴ്‌സ് വെബ് സൈറ്റുകളേയും വ്യാപാരികളേയും സഹായിക്കുന്നവരാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍. ഉപഭോക്താക്കളില്‍ നിന്ന് പേയ്‌മെന്റുകള്‍ സ്വീകരിക്കുകയും ഒരു നിശ്ചിത കാലയളവിനുശേഷം അവ വ്യാപാരികള്‍ക്ക് കൈമാറുകയുമാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, വ്യാപാരികള്‍ക്ക് പ്രത്യേക പേയ്‌മെന്റ് സംയോജന സംവിധാനം സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല.
വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പെയ്മന്റ് അഗ്രഗേറ്റര്‍ നിയന്ത്രണങ്ങള്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. റേസര്‍പേ, പൈന്‍ ലാബ്‌സ്, ഇന്നോവിറ്റി, സ്‌െ്രെടപ്പ്, കാഷ്ഫ്രീ, സിസിഅവന്യൂ, എംഎസ്വൈപ്പ്, എന്‍ടിടി ഡാറ്റ പേയ്‌മെന്റ് സേവനങ്ങള്‍, ഈസ്ബസ്, 1പേ മൊബൈല്‍വെയര്‍ എന്നിവയാണ് പേയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സുകള്‍ ലഭ്യമായ മറ്റ് സ്ഥാപനങ്ങള്‍.