ഓപ്പണ് എഐയുടെ ഡയറക്ടര് ബോര്ഡ് അംഗങ്ങള് രാജിവെക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാര് രംഗത്ത്. ബോര്ഡ് അംഗങ്ങള് രാജിവെച്ചില്ലെങ്കില് തങ്ങളെല്ലാം കമ്പനി വിടുമെന്നും ഇവര് ഭീഷണി ഉയര്ത്തുകയാണ്. കമ്പനി സിഇഒ ആയിരുന്ന സാം ഓള്ട്ട്മാനെ അപ്രതീക്ഷിതമായി പുറത്താക്കിയതിനെ തുടര്ന്നാണ് ജീവനക്കാര് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓപ്പണ് എഐ വിട്ട ഓള്ട്ട്മാന് മൈക്രോസോഫ്റ്റില് ചേരാനൊരുങ്ങുകയാണ്.
700 ല് ഏറെ ജീവനക്കാരാണ് ബോര്ഡിനെതിരെ കത്തെഴുതിയിരിക്കുന്നത്. ഓള്ട്ട്മാനെ പുറത്താക്കിയ രീതിയില് ക്രമക്കേടുണ്ടെന്ന് ഇവര് ആരോപിക്കുന്നു. ബോര്ഡുമായുള്ള ആശയവിനിമയത്തില് സാം സ്ഥിരത പുലര്ത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുമുള്ള കാരണങ്ങള്ചൂണ്ടിക്കാട്ടിയാണ് ബോര്ഡ് ഓള്ട്ട്മാനെ പുറത്താക്കിയത്.
എന്നാല് ഈ ആരോപണങ്ങള്ക്ക് മതിയായ തെളിവുകള് ബോര്ഡ് നല്കുന്നില്ലെന്ന് ജീവനക്കാര് ആരോപിക്കുന്നു.
ഓപ്പണ് എഐക്ക് മേല്നോട്ടം വഹിക്കാന് നിങ്ങള് (ബോര്ഡ്) പ്രാപ്തരല്ലെന്നാണ് നിങ്ങളുടെ പ്രവൃത്തികള് വ്യക്തമാക്കുന്നത്. നമ്മുടെ ദൗത്യങ്ങളോടും ജീവനക്കാരോടും കരുതലും മതിപ്പും ഇല്ലാത്ത കഴിവില്ലാത്ത ആളുകള്ക്കൊപ്പം ജോലി ചെയ്യാന് തങ്ങള്ക്കാവില്ലെന്നും ജീവനക്കാര് പറഞ്ഞു.
ബോര്ഡ് രാജിവെക്കുകയും ഓള്ട്ട്മാനെയും ബ്രോക്ക്മാനെയും തിരികെ കൊണ്ടുവരികയും ചെയ്തില്ലെങ്കില് ഓള്ട്ട്മാന് പിന്നാലെ തങ്ങളും മൈക്രോസോഫ്റ്റിലേക്ക് പോവുമെന്ന ഭീഷണിയും അവര് ഉയര്ത്തുന്നു.
സാം ഓള്ട്ട്മാനെ പുറത്താക്കിയതിന് ശേഷം ഓപ്പണ് എഐയുടെ ഇടക്കാല സിഇഒ ആയി ചുമതലപ്പെടുത്തിയിരുന്ന മിറ മുറാട്ടിയും സാം ഓള്ട്ട്മാന്റെ പുറത്താക്കലില് പ്രധാന പങ്കുവഹിച്ചുവെന്ന് ആരോപിക്കപ്പെട്ട ഓപ്പണ് എഐ സഹസ്ഥാപകനും ബോര്ഡ് അംഗവുമായ ഇല്യ സുറ്റ്സ്കെവറും ഈ കത്തില് ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരം. ഇടക്കാല സിഇഒ സ്ഥാനത്ത് നിന്ന് മിറ മുറാട്ടിയെ മാറ്റിയതിന് ശേഷം ഇടക്കാല സിഇഒ ആയി എമ്മറ്റി ഷിയറിനെ നിയമിച്ചിരിക്കുകയാണ് കമ്പനി.
അതേസമയം ബോര്ഡിന്റെ നടപടികളില് പങ്കാളിയായതില് ഖേദം പ്രകടിപ്പിച്ച് ഇല്യ സുറ്റ്സകെവര് കഴിഞ്ഞ ദിവസം എക്സ് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഓപ്പണ് എഐയെ ദ്രോഹിക്കാന് താന് ഉദ്ദേശിച്ചിരുന്നില്ലെന്നും കമ്പനിയെ വീണ്ടും ഒന്നിപ്പിക്കാന് തനിക്ക് കഴിയുന്നതെല്ലാം താന് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ പോസ്റ്റ് പങ്കുവെച്ച ഓള്ട്ട്മാന് മൂന്ന് ഹാര്ട്ട് ഇമോജിയും പങ്കുവെച്ചു.
ഓള്ട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിയ്ക്കുള്ളിലെ പ്രശ്നങ്ങള് പുറത്തുവരികയാണ്. ഇതോടെ കമ്പനിയിലെ ജീവനക്കാരല്ലാത്ത ബോര്ഡ് അംഗങ്ങള് പ്രതിക്കൂട്ടിലാവുകയാണ്.
ക്വോറ സിഇഒ ആഡം ഡി ആഞ്ചെലോ, ടെക്ക് സംരംഭക താഷ മക്കൂലേ, ജോര്ജ്ടൗണ് സര്വലാശാലയിലെ സെന്ററ് ഫോര് സെക്യൂരിറ്റി ആന്റ് എമര്ജിങ് ടെക്നോളജിയിലെ സ്ട്രാറ്റജി ആന്റ് ഫൗണ്ടേഷണല് റിസര്ച്ച് ഡയറക്ടര് ഹെലന് ടോണര് എന്നിവരാണ് പുറത്തുനിന്നുള്ള ബോര്ഡ് അംഗങ്ങള്.
സാം ഓള്ട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനുമൊപ്പം ചില സഹപ്രവര്ത്തകും മൈക്രോസോഫ്റ്റിന്റെ എഐ റിസര്ച്ച് ടീമിലേക്ക് വരുമെന്നാണ് കഴിഞ്ഞ ദിവസം മൈക്രോസോറ്റ് മേധാവി സത്യ നദെല്ല അറിയിച്ചത്.
ഓപ്പണ് എഐയിലെ മുതിര്ന്ന ഉദ്യോഗസ്ഥരടക്കം ഓള്ട്ട്മാനൊപ്പം മൈക്രോസോഫ്റ്റിലേക്ക് പോവാന് ഒരുങ്ങുകയാണ്. ഇവരെ സ്വീകരിക്കാനും മൈക്രോസോഫ്റ്റ് തയ്യാറാണ്.